രണ്ട് ചായയും ബ്രഡും കഴിച്ചതിന് 252 രൂപയുടെ ബില്ല്! അയോധ്യയിൽ ഹോട്ടലിനെതിരെ നടപടി
അയോധ്യയിൽ പത്തു രൂപയുടെ ചായക്കും ബ്രഡിനും 252 രൂപയുടെ ബില്ല് നൽകിയ ഹോട്ടലിനെതിരെ നടപടി. അരുന്ധതി ഭവനിലുള്ള ശബരി രസോയ് എന്ന ഹോട്ടലാണ് ഉയർന്ന ബില്ല് നൽകിയത്. സംഭവത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്ന് അയോധ്യ വികസന അതോറിറ്റി ഹോട്ടൽ അധികൃതർക്ക് നോട്ടിസ് നൽകി.
ഗുജറാത്ത് സ്വദേശികളുടേതാണ് ഹോട്ടൽ. വിശദീകരണം നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് അയോധ്യ വികസന അതോറിറ്റി നിർദേശം നൽകി. ബജറ്റ് വിഭാഗത്തിൽ വരുന്ന ഭക്ഷണശാലയിൽ ചായയ്ക്കും ബ്രഡിനും 10 രൂപ വീതം മാത്രമേ ഈടാക്കാവൂ എന്നാണ് കരാർ. ഭക്തജനങ്ങൾക്ക് ഏറ്റവും കുറഞ്ഞനിരക്കിൽ സൗകര്യങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സമിതിയുടെ കടമയാണെന്നും അമിത തുക ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
ബില്ല് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മുന്തിയ ഹോട്ടലുകളിലെ സൗകര്യം തന്നെയാണ് ശബരി രസോയിയിലും നൽകുന്നതെന്ന വിശദീകരണവുമായി ഹോട്ടൽ അധികൃതർ രംഗത്തെത്തി. അയോധ്യ വികസന സമിതിയുടെ നോട്ടിസിന് മറുപടി നൽകിയെന്നും ഹോട്ടൽ അധികൃകർ അറിയിച്ചു.