കൈവെട്ട് കേസ് പ്രതി സവാദിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ആരംഭിച്ച് എൻഐഎ
കൈവെട്ട് കേസ് പ്രതി സവാദിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ആരംഭിച്ച് എൻഐഎ. മാതാപിതാക്കൾക്ക് ഉടൻ നോട്ടിസ് നൽകും. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകും. സവാദിന്റെ രണ്ട് മൊബൈൽ ഫോണുകളുടെ പരിശോധന ഫലം നിർണായകമാകും. ശാസ്ത്രീയ തെളിവുകളോടെ പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് എൻഐഎ നീക്കം.
സവാദ് കണ്ണൂർ ജില്ലയിൽ മാത്രം ഒളിവിൽ കഴിഞ്ഞത് 8 വർഷമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ വാടകവീടുകൾ തരപ്പെടുത്താൻ എസ്ഡിപിഐ സഹായം ലഭിച്ചു. മട്ടന്നൂരിലെ വാടകവീട്ടിൽ നിന്ന് താമസം മാറാനിരിക്കെയാണ് അറസ്റ്റുണ്ടായത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്.
സവാദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എൻഐഎ പറയുന്നു. തുടർച്ചയായി സിംകാർഡുകൾ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയില്‍ ബന്ധപ്പെട്ടില്ല. കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ല. സവാദിന്റെ ചുറ്റുപാട് അറിയില്ലായിരുന്നെന്ന ഭാര്യാ പിതാവിന്റെ നിലപാട് തെറ്റെന്ന് ഏജന്‍സി പറയുന്നു. എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചു.
ഇളയകുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാൻ എന്ന് പേര് മാറ്റിയെങ്കിലും ജനന സർട്ടിഫിക്കറ്റിൽ പേര് സവാദ് എന്നു തന്നെയായിരുന്നു.
ടി ജെ ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാൻ സഹായകരമയി. എട്ടുവർഷം മുൻപ് കാസർഗോഡ് നിന്ന് ഒരു എസ്ഡിപിഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിൽ പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങി.
ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിലെ മുഖ്യപ്രതിയാണ് സവാദ്.