National

രാമക്ഷേത്ര ഉദ്ഘാടനത്തിനു പോയതിൽ രാഷ്ട്രീയമില്ല, വിശ്വാസം മാത്രമെന്ന് രജനികാന്ത്

Spread the love

രാമക്ഷേത്ര ഉദ്ഘാടനത്തിനു പോയതിൽ രാഷ്ട്രീയമില്ലെന്ന് നടൻ രജനികാന്ത്. വിശ്വാസത്തിൻ്റെ ഭാഗമായാണ് ചടങ്ങിനെത്തിയത്. അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. രാം ലല്ല ആദ്യം ദർശിച്ച 150 പേരിൽ ഒരാളാണ് താൻ എന്നതിൽ സന്തോഷമുണ്ടെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിനു ശേഷം തിരികെ ചെന്നൈയിലെത്തിയപ്പോഴായിരുന്നു രജനികാന്തിൻ്റെ പ്രതികരണം.

“എനിക്ക് മഹത്തായ ദർശനം ലഭിച്ചു. രാമക്ഷേത്രം തുറന്നതിനു പിന്നാലെ രാം ലല്ല ആദ്യം ദർശിച്ച 150 പേരിൽ ഒരാളാണ് ഞാൻ എന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് വിശ്വാസമാണ്, രാഷ്ട്രീയമല്ല. ഒരു കാര്യത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ പലർക്കുമുണ്ടാവും. അത് സ്വന്തം അഭിപ്രായവുമായി എപ്പോഴും യോജിക്കണമെന്നില്ല.”- രജനികാന്ത് പ്രതികരിച്ചു. എല്ലാവർഷവും അയോധ്യ സന്ദർശിക്കുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു.

കായികതാരങ്ങളും സിനിമാതാരങ്ങളും ഉൾപ്പെടെ സെലബ്രറ്റികളുടെ ഒരു നീണ്ട നിരയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. അമിതാഭ് ബച്ചൻ, ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രജനികാന്ത്, ധനുഷ്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ്, രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, സൈന നെഹ്‌വാൾ, സച്ചിൻ തെണ്ടുൽക്കർ, പിടി ഉഷ തുടങ്ങിയവരൊക്കെ ചടങ്ങിൽ പങ്കെടുത്തു.