National

ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കി; അഞ്ച് വയസുകാരൻ മരിച്ചു

Spread the love

ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബുധനാഴ്ചയാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ്റെ അസുഖം ഗംഗാസ്നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ പ്രതീക്ഷ കൈവിട്ട തരത്തിലാണ് സംസാരിച്ചത്. തുടർന്ന് എങ്ങനെയും അസുഖം മാറ്റാൻ കുട്ടിയെ ഗംഗയിൽ മുക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ചെയ്താൽ അസുഖം മാറുമെന്ന് ചിലർ പറഞ്ഞതിനെ തുടർന്ന് ഇവർ ഗംഗാതീരത്ത് എത്തുകയായിരുന്നു എന്ന് പൊലീസിനോട് കുടുംബം പറഞ്ഞു. കുട്ടിയെ ഗംഗയിൽ മുക്കിയ ശേഷം മൃതദേഹത്തിനരികെ അമ്മ ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘കുട്ടി ഉടൻ തന്നെ എഴുന്നേൽക്കും, അത് എന്റെ ഉറപ്പാണ്’ എന്ന് അമ്മ സംസാരിക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ അഞ്ച് വയസുകാരൻ മരിച്ചു. ഗംഗയിൽ മുക്കിയാൽ ക്യാൻസർ ഭേദമാവുമെന്ന മാതാപിതാക്കളുടെ വിശ്വാസത്തെ തുടർന്നാണ് അഞ്ച് വയസുകാരന് ജീവൻ നഷ്ടമായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.