Gulf

സൗദിയിൽ ഡെലിവറി ജോലി ഇനി സൗദികൾക്ക് മാത്രം; വിദേശികൾ സ്വന്തം നിലയിൽ ഈ ജോലി ചെയ്യാൻ പാടില്ല

Spread the love

സൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കാനും നിർദേശമുണ്ട്.

സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് രാജ്യത്തെ ഓൺലൈൻ ഡെലിവറി മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴിയാക്കുക, ഈ നിയമം 14 മാസത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ടുവരിക, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യങ്ങൾ അനുവദിക്കുക, ഡെലിവറിക്കു ഇരു ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ നിയന്ത്രണം കൊണ്ടുവരിക തുടങ്ങിയവ പുതിയ നിർദേശങ്ങളിലുണ്ട്.

ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കും. ഈ മേഖലയിൽ വിദേശികൾ സ്വന്തം നിലയിൽ ജോലി ചെയ്യുന്നത് ക്രമേണ തടയും. സൗദികൾക്ക് സ്വന്തം നിലയിൽ ഈ ജോലി ചെയ്യാനുള്ള പ്രോത്സാഹനം നല്കും. ഡെലിവറി മേഖലയുടെ വിശ്വാസ്യതയും സുരക്ഷയും വർദ്ധിപ്പിക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഈ നീക്കത്തിന് പിന്നിൽ. കൂടുതൽ സൌദി പൌരൻമാർക്ക് ഈ മേഖലയിൽ ജോലി ലഭിക്കാനും പുതിയ തീരുമാനം കാരണമാകും. നിലവിൽ 37 ഓൺലൈൻ ഡെലിവറി കമ്പനികൾ ആണ് സൗദിയിൽ പ്രവർത്തിക്കുന്നത്. 2023-ൽ 200 മില്യൺ ഡെലിവറി നടത്തിയതായാണ് കണക്ക്.