Kerala

‘സീയാവര്‍ രാമചന്ദ്ര കീ ജയ് ‘; പോസ്റ്റിന് വിശദീകരണവുമായി ശശി തരൂര്‍

Spread the love

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ശ്രീരാമചിത്രം പങ്കുവച്ചതില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ബിജെപിക്ക് ശ്രീരാമനെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും തരൂര്‍ പറഞ്ഞു. ‘സിയാവര്‍ രാമചന്ദ്ര കീ ജയ്’ എന്നായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാം ലല്ലയുടെ ചിത്രത്തിനൊപ്പം തരൂര്‍ കുറിച്ചത്.

കോൺ​ഗ്രസുകാരനായ താൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കുന്നു എന്നും തരൂർ ചോദിച്ചു. ബിജെപിയുടെ ആഗ്രഹം അതായിരിക്കുമെന്നും എന്നാൽ താൻ ബിജെപിക്ക് രാമനെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും തരൂർ വ്യക്തമാക്കി. രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം. താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ വേണ്ടിയാണെന്നും തരൂർ വിശദമാക്കി.

തിരുവനന്തപുരം ലോ കോളെജില്‍ കെ.എസ്.യു പരിപാടിക്കെത്തിയ ശശി തരൂരിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യമുയര്‍ത്തി. രാഷ്ട്രീയത്തിനല്ല, എസ്എഫ്ഐയുടെ പ്രതിഷേധം തന്റെ മതേതരത്വത്തിൽ സംശയിച്ചാണെന്നും തരൂർ വ്യക്തമാക്കി. ഒരു വരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ല എന്നാണ് എസ്എഫ്ഐ പറയുന്നതെന്നും തരൂർ വിമർശിച്ചു. തന്റെയും തന്റെ പാർട്ടിയുടെയും നിലപാട് വ്യക്തമാണെന്നും എസ്എഫ്ഐക്ക് പ്രതിഷേധിക്കാൻ ഉള്ള അവസരം കെ.എസ്.യു കൊടുക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു.