അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ജനുവരി 22ന് 15 സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് 15 സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ഛണ്ഡിഗഡും അവധി പ്രഖ്യാപിച്ചതിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഛണ്ഡിഗഡ്, പുതുച്ചേരി, എന്നിവിടങ്ങളിൽ 22ന് വൈകുന്നേരം വരെ അവധിയായിരിക്കും. ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ ഉച്ചവരെയാണ് അവധി.
കേന്ദ്ര സർക്കാർ ഓഫീസുകൾ, സംസ്ഥാന സർക്കാർ ഓഫീസുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവകൾക്കൊക്കെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയിൽ അന്ന് മദ്യശാലകൾക്കും അവധിയായിരിക്കും.
രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റ സംഭവത്തിൽ ആമസോണിന് കേന്ദ്രസർക്കാർ നോട്ടീസയച്ചു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉൽപന്നം വിൽക്കാൻ ശ്രമിച്ചതിനാണ് നടപടി.
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ആമസോൺ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉൽപന്നങ്ങൾ വിൽക്കുന്നതെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നുമാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് പരാതിയിൽ പറയുന്നത്.
നിരവധി പേരാണ് മധുരപലഹാരം ആമസോണിൽ നിന്ന് വാങ്ങിയത്. എന്നാൽ, ഔദ്യോഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തിൽ പ്രസാദം വിൽക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരിൽ തെറ്റായ അവകാശവാദമുന്നയിച്ച് ഉൽപ്പനം വിൽക്കുകയാണെന്നാണ് പരാതി. തുടർന്നാണ് പരിശോധിച്ച് നോട്ടീസ് അയച്ചത്.
അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിനുള്ള കല്ല് സംഭാവന നൽകിയെങ്കിലും ദളിത് കർഷകന് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തൽ. കർണാടകയിലെ മൈസൂരിൽ താമസിക്കുന്ന രാംദാസ് എന്ന കർഷകനെയാണ് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത്. രാംദാസിൻ്റെ ഭൂമിയിൽ നിന്ന് കണ്ടെത്തിയ കൃഷ്ണശില കല്ലുകൾ കൊണ്ടാണ് രാംലല്ല വിഗ്രഹം നിർമിച്ചിരിക്കുന്നത്.
2.14 ഏക്കർ ഭൂമിയിലെ പാറകൾ കൃഷിക്കായി നീക്കുമ്പോൾ കൃഷ്ണശിലക്കല്ലുകൾ കണ്ടെത്തുകയായിരുന്നു എന്ന് രാംദാസ് പറയുന്നു. ദിവസങ്ങൾ നീണ്ട അധ്വാനത്തിനു ശേഷം ഇത് കുഴിച്ചെടുത്തു. കല്ലുകൾ തങ്ങളുടെ പക്കലുണ്ടെന്നറിഞ്ഞതോടെ രാംലല്ല വിഗ്രഹം നിർമിച്ച ശില്പി അരുൺ യോഗിരാജ് കർഷകനെ സമീപിച്ചു. കല്ലുകൾ പരിശോധിച്ച അരുൺ ഇത് രാംലല്ലയ്ക്ക് പറ്റിയതാണെന്ന് കർഷകനെ അറിയിക്കുകയും കർഷകൻ കല്ല് സംഭാവന നൽകുകയുമായിരുന്നു.