ഖനന അഴിമതി കേസ്; ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി ചോദ്യം ചെയ്യും, റാഞ്ചിയിൽ കനത്ത സുരക്ഷാക്രമീകരണം
ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ റാഞ്ചിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വസതി, രാജഭവൻ, ഇ ഡി ഓഫീസ് എന്നിവിടങ്ങളിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
ചോദ്യം ചെയ്യലിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുമെന്ന് JMM മുന്നറിയിപ്പ് നൽകിയിരുന്നു. 14 ഗോത്ര സംഘടനകൾ രാജഭവന് മുന്നിൽ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സംരക്ഷണം തേടി ഇഡി, ഡിജിപിക്ക് കത്തയച്ചിരുന്നു. ഖനന അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കേ കനത്ത സുരക്ഷ തന്നെയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.
ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇ ഡി ചോദ്യം ചെയ്യലെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ പറഞ്ഞു. അഴിമതി ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഉടൻ തന്നെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ നേതാക്കളുടെ പിന്നാലെ ഇ.ഡിയെ അയക്കുമെന്നും അദ്ദേഹം പരിഹസിച്ചു.