Tuesday, January 14, 2025
National

രാമക്ഷേത്രം; ബിജെപിയെ പ്രതിരോധിക്കാൻ വീണ്ടും ഹനുമാനെ ആയുധമാക്കി ആം ആദ്മി

Spread the love

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി പ്രചരണത്തിനെതിരെ വീണ്ടും ഹനുമാനെ ആയുധമാക്കി ആം ആദ്മി പാർട്ടി. നാളെ ഡൽഹിയിലെ എല്ലാ മണ്ഡലങ്ങളിലും രാമായണത്തിലെ സുന്ദര കാണ്ഡം പാരായണം ചെയ്യും. രാമായണത്തിൽ ഹനുമാൻ കേന്ദ്ര കഥാപാത്രമാകുന്ന ഏക അദ്ധ്യായമാണ് സുന്ദര കാണ്ഡം . കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി യുടെ രാമക്ഷേത്ര പ്രചരണത്തെ ഹനുമാനെ മുൻ നിർത്തിയാണ് AAP പ്രതിരോധിച്ചത്.

ജനുവരി 22 ന് മധ്യപ്രദേശ് സർക്കാർ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് പ്രമാണിച്ചാണ് തീരുമാനം. മുഖ്യമന്ത്രി മോഹൻ യാദവ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നാല് സംസ്ഥാനങ്ങൾ ഇതിനോടകം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു.

ജനുവരി 22 ന് സംസ്ഥാനത്തുടനീളം ഡ്രൈ ഡേ ആയിരിക്കും. മദ്യമോ മറ്റേതെങ്കിലും ലഹരി വസ്തുക്കളോ വിൽക്കുന്ന കടകൾ അന്ന് അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് കണക്കിലെടുത്താണ് തീരുമാനം. ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു. ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങിനുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. ചടങ്ങിന് മുന്നോടിയായുള്ള പൂജ കർമങ്ങൾ നാളെ മുതൽ ആരംഭിക്കും. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്നതാണ് പൂജാ ചടങ്ങുകൾ.

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും ക്ഷണം ലഭിച്ചു. അയോധ്യയിലെ രാമക്ഷേത്രം പിന്നീട് സന്ദർശിക്കുമെന്ന് സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ നേതാക്കൾക്ക് ഉറപ്പുനൽകി. 22-നാണ് അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാചടങ്ങ്.

ആർ.എസ്.എസ്., വി.എച്ച്.പി. നേതാക്കൾ ഔദ്യോഗിക വസതിയിലെത്തിയാണ് സ്റ്റാലിനെയും കുടുംബത്തെയും ക്ഷണിച്ചത്. ഇത് ബി.ജെ.പി. രാഷ്ട്രീയപരിപാടിയായി മാറ്റിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു.