National

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാനൂറിലേറെ സീറ്റുകള്‍ വിജയിക്കാന്‍ വമ്പന്‍ പ്ലാനുകളുമായി ബിജെപി; കേരളത്തിലുള്‍പ്പെടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെയുണ്ടാകും

Spread the love

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെയാക്കാന്‍ ബിജെപി. ഈ മാസം അവസാനത്തോടെ കേരളത്തിലെ ചില സീറ്റുകളില്‍ അടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. 2024 ലോകസഭ തെരഞ്ഞെടുപ്പില്‍ നാനൂറിലേറെ സീറ്റുകള്‍ വിജയിക്കാന്‍ ലക്ഷ്യം വച്ചാണ് ബിജെപിയുടെ നീക്കം.

2024 ലോകസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക, ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യവാരമോ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ തീരുമാനം. 2019 ബിജെപി നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച 164 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യം തന്നെ പ്രഖ്യാപിക്കാനാണ് ആലോചന. സി, ഡി വിഭാഗത്തില്‍ ബിജെപി ഉള്‍പ്പെടുത്തിയ 31 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും നേരത്തെ പ്രഖ്യാപിക്കും. കേരളത്തിലെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ആദ്യഘട്ടത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച പ്രചരണം ആരംഭിക്കുന്നത് ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍. 45 കേന്ദ്ര മന്ത്രിമാര്‍ക്ക് ഈ മണ്ഡലങ്ങളുടെ ചുമതല നല്‍കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ദുര്‍ബലമായ 14 സീറ്റുകളില്‍ പ്രത്യേക പ്രചാരണ പദ്ധതി തയ്യാറാക്കും. മറ്റ് പാര്‍ട്ടികളില്‍ നിന്നും ശക്തരായ പ്രാദേശിക നേതാക്കളെ അടര്‍ത്തിയെടുക്കാനും നീക്കങ്ങള്‍ ആരംഭിച്ചു. 2024ല്‍ 400 സീറ്റുകളില്‍ ഏറെ വിജയിക്കാന്‍ ലക്ഷ്യം വെച്ച് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. 2019 ല്‍ 543 ല്‍ 436 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്.