സവാദ് 13 വർഷം എവിടെയായിരുന്നു? ഷാജഹാനായും മരപ്പണിക്കാരനായും മാറിയ ഒളിവ് ജീവിതം
2010 ജൂലൈ നാല് നാടിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു തൊടുപുഴ ന്യൂമാൻസ് കോളേജിലെ പ്രൊഫസർ ടി ജെ ജോസഫിനെ മതനിന്ദ ആരോപിച്ച് ഒരുകൂട്ടം ആളുകൾ കൈവെട്ടി മാറ്റി ശിക്ഷ നടപ്പിലാക്കിയത്. സംഭവത്തിന് ശേഷം കൈവെട്ടിയ മാറ്റിയ മഴുവുമായി രക്ഷപ്പെട്ട ഒന്നാം പ്രതി അന്വേഷണ ഏജൻസികളെ വട്ടം കറക്കി. അഫ്ഗാനിസ്ഥാനിലേക്കും ദുബായിലേക്കും വരെ നീണ്ട അന്വേഷണങ്ങൾ. ഒടുവിൽ 13 വർഷത്തിന് ശേഷം കേസിലെ മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷം ഒന്നാംപ്രതി സവാദ് കേരളത്തിൽ നിന്ന് ഇവിടെ കണ്ണൂരിൽ നിന്ന് പിടിയിലാകുന്നു. സവാദ് പിടിയിലാകുമ്പോഴും ദുരൂഹതകൾ നിറഞ്ഞു നിൽക്കുകയായാണ്.
അന്വേഷണം ഏജൻസി സവാദിനായി ലോകം മുഴുവൻ അന്വേഷണം നടത്തുമ്പോഴും മൂക്കിൻതുമ്പത്ത് എങ്ങനെ ഒളിവിൽ കഴിഞ്ഞു. കഴിഞ്ഞ 13 വർഷമായി സവാദ് എവിടെയായിരുന്നു. കണ്ണൂർ മട്ടന്നൂരിനു സമീപം വാടകവീട്ടിൽ ഒളിവിൽ കഴിയവേയാണ് സവാദിനെ വീടുവളഞ്ഞ് എൻഐഎ സംഘം പിടികൂടുന്നത്. എൻഡിഎഫ് പ്രവർത്തകനായ സവാദ് എറണാകുളം നെല്ലിക്കുഴിയിലെ ഫർണിച്ചർ കടയിൽ ജോലി ചെയ്യവേയാണ് 2010 ൽ കൈവെട്ടു കേസിൽ ഉൾപ്പെടുന്നത്. അന്ന് 25 വയസായിരുന്നു സവാദിന്. പിന്നീടിങ്ങോട്ട് ഒളിവുജീവിതത്തിന്റെ നാളുകളിലേക്ക് സവാദ് കടന്നു. റോ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികളെല്ലാം തിരഞ്ഞിട്ടും പതിമൂന്ന് വർഷം സവാദ് ഒളിവിൽ കഴിഞ്ഞു. സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ആദ്യം പ്രഖ്യാപിച്ച 2 ലക്ഷം രൂപ പാരിതോഷികം എൻഐഎ പിന്നീട് 5 ലക്ഷമായും ഒടുവിൽ 10 ലക്ഷവുമായി ഉയർത്തിയിരുന്നു.
ഒടുവിൽ പിടിയിലാകുമ്പോൾ പേരുകൾ മാറ്റി മരപ്പണിക്കാരനായി നാട്ടിൽ സ്വൈര്യ ജീവിതത്തിലായിരുന്നു സവാദ്. എന്നാൽ പിടിക്കപ്പെടുമ്പോൾ സവാദിനെ ആരൊക്കെ എങ്ങനെയൊക്കെ സഹായിച്ചു എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ ബാക്കിയാണ്. വളപട്ടണം, വിളക്കോട്ടൂർ, ബേരം എന്നിവിടങ്ങളിൽ സവാദ് ഒളിവിൽ കഴിഞ്ഞതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം സവാദിനെ സഹായിച്ചത് ആരെന്നാണ് അന്വേഷിക്കുന്നത്. ആരോടും ബന്ധം പുലർത്താതെയാണ് ഒരു വർഷത്തിലധികമായി ഷാജഹാൻ എന്ന പേരിൽ കഴിഞ്ഞത്. ഭാര്യയും രണ്ടു മക്കളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. പേരും വിലാസവും മാറ്റിപ്പറഞ്ഞ് 8 വർഷം മുൻപാണ് കാസർകോട് സ്വദേശിനിയെ വിവാഹം കഴിച്ചത്.
വിവാഹം കഴിച്ച് കുടംബജീവിതത്തിലേക്ക് കടന്നപ്പോഴും സവാദ് ഒളിവുജീവിതം തുടർന്നു. നാട്ടിലെ വിവാഹച്ചടങ്ങുകളിലോ പൊതുപരിപാടികളിലോ പങ്കെടുത്തിരുന്നില്ല. ഫോൺ ഉപയോഗിച്ചിരുന്നെങ്കിലും ആർക്കും നമ്പർ കൊടുത്തിരുന്നില്ല. കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനുശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല.
മകളുടെ ഭർത്താവാണ് കൈവെട്ട് കേസിലെ പ്രതിയായ സവാദെന്ന് അറിഞ്ഞത് പിടിക്കപ്പെട്ട് കഴിഞ്ഞാണെന്ന് ഭാര്യാപിതാവ് അബ്ദുറഹ്മാൻ പറയുന്നു. 2016ലാണ് സവാദിനെ പരിചയപ്പെടുന്നത്. കർണാടകയിലെ ഉള്ളാളിലെ ഒരു ആരാധാനലയത്തിൽവെച്ചാണ് അബ്ദുറഹ്മാൻ സവാദിനെ പരിചയപ്പെടുന്നത്. ഇതിന് ശേഷം കൂടുതൽ അടുത്തു. ഇങ്ങനെയാണ് മകളെ വിവാഹം കഴിച്ച് നൽകാൻ തീരുമാനിച്ചതെന്ന് അബ്ദുറഹ്‌മാൻ പറയുന്നു. കണ്ണൂർ സ്വദേശിയായ ഷാജഹാൻ എന്നു പറഞ്ഞായിരുന്നു പരിചയപ്പെട്ടത്. 2016ലാണ് സവാദ് വിവാഹിതനാകുന്നത്. വിവാഹശേഷം മഞ്ചേശ്വരത്ത് ഒരാഴ്ച മാത്രമാണ് താമസിച്ചത്. ഇതിന് ശേഷം കണ്ണൂരിൽ വളപ്പട്ടണത്ത് ആദ്യം താമസിച്ചത്. മഞ്ചേശ്വരത്തേക്ക് ഇടയ്ക്ക് മാത്രമേ എത്തുകയുള്ളൂ എന്നും അബ്ദുറഹ്‌മാൻ പറയുന്നു.
എന്നാൽ മകൾക്ക് സവാദാണെന്ന് അറിയാമായിരുന്നുവെന്ന് അബ്ദുറഹ്‌മാൻ വെളിപ്പെടുത്തി. ആദ്യ കുട്ടിയുടെ പ്രസവസമയം മുതൽ ഷാജഹാൻ യഥാർഥത്തിൽ സവാദാണെന്ന് മകൾക്ക് അറിയാമായിരുന്നെന്ന് അബ്ദുറഹ്മാൻ വെളിപ്പെടുത്തുന്നു. വിവാഹശേഷം സവാദ് കേരളം വിട്ടിട്ടില്ല. വിവാഹ ശേഷം കണ്ണൂർ ജില്ലയിലെ വളപട്ടണം , വിളക്കോട്ടൂർ, ബേരം എന്നിവിടങ്ങളിൽ സവാദ് ഒളിത്താവളങ്ങൾ കണ്ടെത്തി. സവാദ് കണ്ണൂരിലുണ്ടെന്ന് എൻ.ഐ.എയ്ക്ക് വിവരം ലഭിക്കുമ്പോഴും സ്ഥിരീകരണത്തിൽ വെല്ലുവിളിയായത് പേരു മാറ്റമാറ്റമായിരുന്നു. എന്നാൽ 13 വർഷത്തോളം അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ചു നടന്ന സവാദ്, ഒടുവിൽ ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ യഥാർഥ പേര് ചേർത്തതാണ് വിനയായത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് ഷാജഹാൻ യഥാർഥത്തിൽ സവാദ് തന്നെയാണെന്നു തിരിച്ചറിഞ്ഞത്.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ മട്ടന്നൂർ പൊലീസിന്റെ സഹായത്തോടെ ബേരത്തെ വാടകവീട് വളഞ്ഞ ഉദ്യോഗസ്ഥർ സവാദിനെ പിടികൂടുന്നത്. വീട്ടിലെത്തി പേരു ചോദിച്ചപ്പോൾ ഷാജഹാനെന്നാണു സവാദ് പറഞ്ഞത്. ടി.ജെ. ജോസഫിനെ ആക്രമിക്കുന്ന സമയത്ത് സവാദിന് പരിക്കേറ്റിരുന്നു. തുടർന്ന് പുറത്തെ പരുക്ക് പരിശോധിച്ച് സവാദ് തന്നെയാണെന്ന് ഒരിക്കൽക്കൂടി ഉറപ്പാക്കി. പിന്നാലെ വിശദമായ ചോദ്യം ചെയ്യലിൽ സവാദ് എല്ലാം തുറന്നുസമ്മതിച്ചു.
ആധാർകാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽകാർഡ് എന്നിവയിലും സവാദ് എന്നാണ് ചേർത്തിരുന്നത്. ഇവ വീട്ടിൽനിന്ന് എൻ.ഐ.എ. സംഘം പിടിച്ചെടുത്തു. റിയാസ് എന്നയാളാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. മരപ്പണിക്കായി കോൺട്രാക്ട് ചെയ്ത് കൊടുത്തിരുന്നു. റിയാസ് എസ്ഡിപിഐക്കാരാനാണ്. സവാദ് ജോലി ചെയ്തിരുന്നത് എസ്ഡിപിഐക്കാർക്കൊപ്പമായിരുന്നു. എന്നാൽ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം സവാദ് എവിടെയായിരുന്നു എന്നകാര്യത്തിൽ വ്യക്തതയില്ല. എട്ടു വർഷത്തെ ജീവിതത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചപ്പഴും ഇനിയും ചുരളഴിയാത്ത അഞ്ചു വർഷങ്ങളിൽ സവാദ് എവിടെയായിരുന്നു. ഏത് പേരിൽ, ഏത് നാട്ടിൽ ഉത്തരം കിട്ടേണ്ടതായ ചോദ്യങ്ങൾ തുടരുന്നു.