പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധം; കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ പൊലീസ്
പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കിടക്കാൻ പൊലീസ് നീക്കം. ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എൽ.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത് എന്നിവരടക്കം 75 പേരെ പ്രതികളാക്കിയാണ് കേസെടുത്തത്. കലാപശ്രമമടക്കം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് നേതാക്കൾ ഭീഷണി മുഴക്കിയതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഒന്നാം തിയതി രാത്രി എട്ടോടെയാണ് സമരം ആരംഭിച്ചത്.
ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞുപോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് സ്റ്റേഷനുള്ളിൽനിന്ന് എസ്.ഐ ഭീഷണി മുഴക്കിയതായി ആരോപിച്ച് പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
മണിക്കൂറുകൾ സമരം നീണ്ടിട്ടും ചർച്ചക്ക് പൊലീസ് തയാറായില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ റോഡ് ഉപരോധവും ആരംഭിച്ചു. കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടക്കാനുള്ള നീക്കം അനുവദിക്കില്ലന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
തൃക്കാക്കരയിലെ മുഖ്യമന്ത്രിക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിന് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ ആയത്. സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കാൻ ആദ്യം പൊലീസ് മുതിർന്നെങ്കിലും ഗുരുതര വകുപ്പുകൾ ചേർത്ത് പിന്നീട് ജാമ്യം നിഷേധിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സമരസമ്മർദത്തിന് വഴങ്ങി അർദ്ധരാത്രി ഒരു മണിയോടെ പോലീസ് പ്രവർത്തകരുമായി മജിസ്ട്രേറ്റിന്റെ വീട്ടിലേക്കെത്തി. ഒന്നരയോടെ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.
പിണറായി വിജയന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. നവകേരള സദസ്സിന് ഇന്ന് അന്ത്യകൂദാശ നൽകുമെന്നായിരുന്നു ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ വാക്കുകൾ. ജാമ്യം കിട്ടിയതോടെ പൊലീസിനെതിരെ പ്രവർത്തകർ കൂകി വിളിച്ചു. കരിങ്കോടി പ്രതിഷേധം തുടരുമെന്നാണ് കോൺഗ്രസിന്റെ നിലപാട്.