National

ജെഡിയു നേതൃമാറ്റം; പിന്നില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാനുള്ള ലാലു പ്രസാദിന്റെ പദ്ധതി ചോര്‍ന്നതോ?

Spread the love

ജെഡിയു ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിതീഷ് കുമാറിന്റെ തിരിച്ചു വരവ് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തം. നിതീഷ് കുമാറിനെ അട്ടിമറിച്ച് തേജസ്വി യാദവിനെ മുഖ്യമന്ത്രി ആക്കാനുള്ള നീക്കമാണ് ലാലന്‍ സിങ്ങിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടിയെയും ഇന്ത്യ സഖ്യത്തെയും ശക്തിപ്പെടുത്താനാണ് നിതീഷ് കുമാറിനെ വീണ്ടും തെരഞ്ഞെടുത്തതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം.

ജെഡിയുവിലെ പ്രധാന ബിജെപി വിരുദ്ധ മുഖമായ ലാലന്‍ സിംഗ് അധ്യക്ഷ സ്ഥാനത്തു നിന്നും മാറിയത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പലത് പ്രചരിക്കുന്നുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പേര് ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ന്നു വന്നതില്‍ നിതീഷ് കുമാറിനുള്ള അതൃപ്തിയെ തുടര്‍ന്നും,എന്‍ഡിഎയിലേക്ക് തിരിച്ചു പോകാനുള്ള ജെഡിയു പദ്ധതിയുടെ ഭാഗവുമാണ് നേതൃമാറ്റമെന്ന റിപ്പോര്‍ട്ടുകള്‍ ജെഡിയു നേതൃത്വം തള്ളി.

എന്നാല്‍ പാര്‍ട്ടി പിളര്‍ത്തി നിതീഷ് കുമാറിനെ അട്ടി മറിച്ച് തേജസ്വി യാദവിനെ മുഖ്യമന്ത്രി ആക്കാന്‍, ലാലന്‍ സിങ്ങും, ലാലു പ്രസാദ് യാദവും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി, ചോര്‍ന്നതാണ് ജെഡിയുവിലെ നേതൃമാറ്റത്തിനു കാരണം എന്നാണ് ഏറ്റവും ഒടുവില്‍ പ്രചരിക്കുന്ന അഭ്യൂഹം.ജെഡിയുവിലെ 12 എം എല്‍ എ മാരെ അടര്‍ത്തിയെടുത്ത്, തേജസ്വി സര്‍ക്കാരിന് ഭൂരിപക്ഷം തികയ്ക്കാന്‍ ആയിരുന്നു പദ്ധതി.

കൂറുമാറ്റ നിരോധന നിയമത്തിന്റെ കുരുക്ക് മറികടക്കാനായി, പാര്‍ട്ടി അധ്യക്ഷന്‍ എന്ന അധികാര പദവി ഉപയോഗിച്ച് ഈ 12 പേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ വരെയുള്ള ആസൂത്രണം നടന്നിരുന്നു എന്നും എന്നാല്‍ ഇക്കാര്യം അറിഞ്ഞതോടെയാണ് നിതീഷ് കുമാര്‍ ലാലന്‍ സിങ്ങിനെ മാറ്റിയത് എന്നുമാണ് പ്രചരിക്കുന്ന അഭ്യൂഹം. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് എല്ലാം പിന്നില്‍ ബിജെപിയാണെന്നാണ് ജെഡിയു നേതൃത്വത്തിന്റെ പ്രതികരണം.