Kerala

ചാൻസലർക്കെതിരെ AISF സംഘടിപ്പിച്ച മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് AISF

Spread the love

സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനാണ് ചാൻസലർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് AISF സംഘടിപ്പിച്ച മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് നാളെ ( 19-12-2023) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് AISF അറിയിച്ചു.

കാലിക്കറ്റ് സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ രം​ഗത്തെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷവുമുണ്ടായി.

എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. ഗവർണർ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പൊലീസിന്റെ കനത്ത സുരക്ഷ അവ​ഗണിച്ചാണ് നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രം​ഗത്തെത്തിയത്. പ്രവർത്തകരെ പൊലീസ് തടയുന്തോറും കൂടുതൽ പ്രതിഷേധക്കാർ എത്തുന്നു.വിവിധ ഗ്രുപ്പുകളുമായി തിരിഞ്ഞാണ് പ്രതിഷേധം.

യൂണിവേഴ്സിറ്റി ​ഗസ്റ്റ് ഹൗസിലാണ് ​ഗവർണർ ഉള്ളത്. ​ഗസ്റ്റ് ഹൗസിന് തൊട്ടടുത്താണ് സെമിനാർ ഹാൾ.കറുത്ത ഷർട്ടും ടീ ഷർട്ടുമണിഞ്ഞും കറുത്ത ബലൂണുകൾ അടക്കം ഉയർത്തിയുമാണ് പ്രതിഷേധം.

‘വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ’ എന്ന ബാനർ പിടിച്ചായിരുന്നു നൂറുകണക്കിന് വരുന്ന എസ്എഫ്ഐ പ്രവർത്തകർ പ്രകടനവുമായി രം​ഗത്തെത്തിയത്. പ്രകടനത്തിനിടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഫ്‌സലടക്കമുള്ളവർ മതിൽ ചാടിക്കടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി.

പൊലീസിന്റെ കനത്ത സുരക്ഷ മറികടന്നായിരുന്നു ഇവർ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുത്തു. പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയും ഉന്തും തള്ളുമുണ്ടായി. കരിങ്കൊടിയുമായി നേതാക്കളും പ്രവർത്തകരുമടക്കം 15ഓളം പേരാണ് ഇവിടേക്ക് ചാടിയത്.