ശബരിമലയിലെ തിരക്ക് നിയന്ത്രണം; പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം തീർക്കാൻ നിർദേശം
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം അവസാനിപ്പിക്കാൻ സർക്കാരിന്റെ നിർദേശം. വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചു വേണം ശബരിമല തീർഥാടനം നടത്താനെന്ന് സർക്കാർ നിർദേശം നൽകി. ഇതിന് പിന്നാലെയാണ് ശബരിമലയിൽ കോ-ഓർഡിനേറ്ററെ നിയമിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും എഡിജിപി എംആർ അജിത് കുമാറും തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കണമെന്നും സർക്കാർ നിർദേശിച്ചു. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ശബരിമലയിൽ ഉണ്ടാകുന്ന ഏത് വിഷയവും സർക്കാരിനെതിരെ ആയുധമാക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ബോർഡിന്റെ ആവശ്യം പരിഗണിച്ച് സോപാനത്തിലും പതിനെട്ടാം പടിയിലും പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.