Kerala

കടുവയ്ക്കായി തെരച്ചിൽ; വനംവകുപ്പ് ഉദ്യോഗസ്ഥരെയും റാപ്പിഡ് റെസ്‌പോൺസ് ടീമിനെയും നിയോഗിച്ചു

Spread the love

വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായി തെരച്ചിൽ ഊർജിതമാക്കി. ഇതിനായി കൂടുതൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെയും റാപ്പിഡ് റെസ്പോൺസ് ടീമിനെയും നിയോ​ഗിച്ചു. കടുവയെ പിടിക്കാൻ വനംവകുപ്പ് ഉത്തരവിട്ടിരുന്നു. മയക്കുവെടി വെച്ച് പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവെച്ച് കൊല്ലാനാണ് ഉത്തരവ്.

കടുവയെ കണ്ടെത്താൻ ക്യാമറ ട്രാപ്പുകൾ ഉൾപ്പെടെ സ്ഥാപിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാനുള്ള അനുമതി സൗത്ത് വയനാട് ഡി.എഫ്.ഒ. തേടിയിരുന്നു. അതേസമയം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്ഷീര കർഷകൻ പ്രജീഷിൻറെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ചയാണു കടുവയുടെ ആക്രമണത്തിൽ പ്രജീഷ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പുല്ലരിയാൻ പോയ പ്രജീഷിൻറെ മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പല ശരീര ഭാഗങ്ങളും വേർപെട്ടിരുന്നു. രാവിലെ പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചു പോയ സഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്.