ശബരിമല ദർശന സമയം കൂട്ടാൻ കഴിയില്ലെന്ന് തന്ത്രിയറിയിച്ചു; ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ
കൊച്ചി : ശബരിമല ദർശന സമയം നിലവിലെ സാഹചര്യത്തിൽ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ബെഞ്ച് നടത്തിയ പ്രത്യേക സിറ്റിംഗിലാണ് നിലപാട് അറിയിച്ചത്. രണ്ട് മണിക്കൂർ കൂടി ദർശന സമയം കൂട്ടാൻ കഴിയുമോ എന്ന കോടതി ആരാഞ്ഞിരുന്നു.
വിശ്രമകേന്ദ്രങ്ങളിലും ക്യൂ കോംപ്ലക്സിലും തിരക്ക് ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യം ശബരിമലയുടെ ചുമതലയുള്ള എ. ഡി. ജി. പി ഉറപ്പാക്കണമെന്നും ദേവസ്വം ബഞ്ച് പൊലീസിന് നിർദേശം നൽകി. ഓൺലൈൻ ബുക്കിങ് അടക്കമുള്ള കാര്യങ്ങളിൽ എങ്ങനെ നിയന്ത്രണം കൊണ്ടുവരാം എന്നതിൽ എഡിജിപി തിങ്കളാഴ്ച്ച റിപ്പോർട്ട് നല്കാനും ആവശ്യപ്പെട്ടു. തിരക്ക് കണക്കിലെടുത്ത് അഷ്ടാഭിഷേകത്തിന്റെയുംപുഷ്പാഭിഷേകത്തിന്റെയും എണ്ണം കുറച്ചതായും ദേവസ്വം കോടതിയെ അറിയിച്ചിട്ടുണ്ട്.
തിരക്ക് നിയന്ത്രണത്തിനായി 1203 പൊലീസുകാർ, 40 ദുരന്തനിവാരണ സേന ,എന്നിവർ സന്നിധാനത്തുണ്ടെന്ന് സംസ്ഥാന സർക്കാരും, നിലവിൽ 113 റാപ്പിഡ് ആക്ഷൻ ഫോഴ്സ് അംഗങ്ങളെ വിന്യസിച്ചിട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒരുലക്ഷത്തിൽ കൂടുതൽ തീർത്ഥാടകർ ദർശനത്തിന് എത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്.