National

എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സമയം തേടി പ്രതിപക്ഷം

Spread the love

മഹുവ മൊയ്‌ത്രയ്‌ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സമയം തേടി പ്രതിപക്ഷം. ലോക്സഭയിൽ ചർച്ചയ്ക്ക് മുമ്പ് റിപ്പോർട്ട് പഠിക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും, തൃണമൂൽ കോൺഗ്രസും ലോക്സഭാ സ്പീക്കറെ സമീപിച്ചു.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്യുന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ എംപിമാർക്ക് മതിയായ സമയം നൽകണമെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു. 104 പേജുകളുള്ള റിപ്പോർട്ട് ആഴത്തിൽ പഠിക്കേണ്ടതുണ്ട്. മൂന്ന് മുതൽ നാല് ദിവസത്തിന് ശേഷം റിപ്പോർട്ട് ചർച്ച ചെയ്യാമെന്നും ചൗധരിയുടെ കത്തിൽ പറയുന്നു.

എത്തിക്സ് പാനൽ കണ്ടെത്തലുകളെക്കുറിച്ചുള്ള ചർച്ചയിൽ, റിപ്പോർട്ടിനെക്കുറിച്ച് തൻ്റെ അഭിപ്രായം പ്രകടിപ്പിക്കാൻ ടിഎംസി എംപി മഹുവ മൊയ്‌ത്രയ്ക്ക് അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസും സ്‌പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. റിപ്പോർട്ട് പഠിക്കാൻ 48 മണിക്കൂറെങ്കിലും സമയം നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി കല്യാണ് ബാനർജി പറഞ്ഞു.