Kerala

കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം നിരസിച്ച എം. കുഞ്ഞാമൻ;

Spread the love

അവാർഡിനും അംഗീകാരങ്ങൾക്കും പിറകെ പായുന്നവരുടെ ലോകത്ത് കുഞ്ഞാമൻ അന്നും ഇന്നും എന്നും ഒരു വ്യത്യസ്തനായിരുന്നു. ‘എതിര്’ എന്ന ആത്മകഥയ്ക്ക്‌ 2021ല്‍ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചുവെങ്കിലും കുഞ്ഞാമൻ സ്നേഹപൂർവം അത് നിരസിക്കുകയാണുണ്ടായത്. ‘അക്കാഡമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ താൻ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഈ അവാർഡ് നന്ദിപൂർവം നിരസിക്കുകയാണ്. ഇങ്ങനെയായിരുന്നു കുഞ്ഞാമന്റെ അപ്പോഴത്തെ പ്രതികരണം.
അതെ.. ജീവിതാനുഭവങ്ങളുടെ കനൽപ്പാതകൾ പിന്നിട്ട് അക്കാഡമിക് പാണ്ഡിത്യത്തിന്റെ അപാരത കണ്ടയാളാണ് കുഞ്ഞാമൻ എന്ന വലിയ മനുഷ്യൻ.

ഡോ. കുഞ്ഞാമന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് എതിര്. അത് വെറും ആത്മകഥയല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. ജാതിയുടെ പേരിൽ ഒരു സമൂഹം മുഴുവൻ എത്രമാത്രം ചവിട്ടിയരയ്ക്കപ്പെട്ടെന്ന് അദ്ദേഹത്തിന്റെ മൂർച്ചയേറിയ ആ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. താൻ ജനിച്ച ജാതിയുടെ പേരിൽ എത്രമാത്രം ക്രൂരമായി ഒരു മനുഷ്യൻ അവഗണിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഡോ. കുഞ്ഞാമന്റെ ജീവിതം തന്നെയാണ്. എന്നാൽ എത്രയൊക്കെ ചവിട്ടിയരയ്ക്കാൻ നോക്കിയിട്ടും ജീവിതാവസാനം വരെ അദ്ദേഹം തല ഉയർത്തി തന്നെ നിന്നു.

സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ. എം. കുഞ്ഞാമന്‍ 74-ാം വയസിലാണ് വിടവാങ്ങിയത്. തന്റെ പിറന്നാള്‍ ദിനത്തിൽ തന്നെ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു. സാമൂഹ്യ വികസനത്തെ കീഴാള പക്ഷത്തുനിന്ന് നിരീക്ഷിച്ച കുഞ്ഞാമ്മൻ, സാമൂഹ്യ സാമ്പത്തിക പഠന ഗവേഷണ മേഖലകളിൽ നൽകിയ സംഭാവന അതുല്യമാണ്. ജാതി വിവേചനം അനുഭവിച്ചു വളർന്ന കുഞ്ഞാമ്മൻ പ്രതികൂല സാഹചര്യങ്ങളെ എതിരിട്ടാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ മണിയമ്പത്തൂര്‍ അയപ്പന്റെയും ചെറോണയുടെയും മകനായി 1949 ഡിസംബര്‍ മൂന്നിനാണ് കുഞ്ഞാമന്റെ ജനനം. കാലിക്കട്ട് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയാണ് കുഞ്ഞാമൻ എം.എ.പാസ്സായത്. കെ.ആർ. നാരായണനുശേഷം ഒന്നാം റാങ്ക് നേടിയ ആദ്യ ദളിത് വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. 27 വർഷം കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ അദ്ധ്യാപകനായി. യു.ജി.സിയുടെ ഉന്നതാധികാര സമിതിയിൽ അംഗവുമായിരുന്നു കുഞ്ഞാമൻ. എന്നിട്ടും അദ്ദേഹം കേരളത്തിൽ വൈസ് ചാൻസലർ പദവിയിലേക്ക് പരിഗണിക്കപ്പെട്ടില്ല എന്നത് വലിയ നീതിനിഷേധം തന്നെയാണ്. എന്നാൽ അതിലൊന്നും അദ്ദേഹത്തിന് യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല.

ജാതിവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളും, പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വം അവയെ നേരിടുന്നതില്‍ എങ്ങനെ പരാജയപ്പെട്ടു എന്നതും വളരെ വിശദമായി അദ്ദേഹം ആത്മകഥയിൽ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ വല്ലാതെ നമ്മളെ സ്പർശിക്കുന്നതാണ്. പാണന്‍ എന്ന ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കണക്കു മാസ്റ്ററോട്, അതാവര്‍ത്തിക്കരുതെന്നു പറഞ്ഞപ്പോള്‍ കിട്ടിയ അടിയേറ്റ് മുഖം വീങ്ങിയതും കഞ്ഞി കുടിക്കാനാണ് സ്‌കൂളില്‍ വരുന്നതെന്നാക്ഷേപിച്ചപ്പോള്‍ കഞ്ഞികുടി നിര്‍ത്തി പഠിക്കാനായി സ്‌കൂളില്‍ പോയിത്തുടങ്ങിയതുമെല്ലാം അദ്ദേഹം വിവരിക്കുന്നുണ്ട്. ബാല്യത്തിലേ കുഞ്ഞാമനുണ്ടായിരുന്ന ഒരു ​ഗുണമായിരുന്നു ആത്മാഭിമാനം. അത് വിട്ട് ഒരു കളിക്ക് അദ്ദേഹം നിൽക്കില്ല.