National

രേവന്ത് റെഡ്ഡി, റിയൽ ഹീറോ ഓഫ് തെലങ്കാന; കെസിആറിനെതിരെ പോരിനിറങ്ങിയ പോരാളി

Spread the love

തെലങ്കാനയിൽ വീണ്ടും അധികാര തുടർച്ചയെന്ന കെസിആറിന്റെ സ്വപ്നത്തിന് പ്രഹരമേല്പിക്കാൻ പണിയെടുത്തത് രേവന്ത് റെഡ്ഡി എന്ന 54കാരനാണ്. 119 അംഗ സഭയിൽ 65ലേറെ സീറ്റുകൾ നേടിയാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് അധികാരമേറുന്നത്. കെസിആർ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോൺഗ്രസ് നേതാവു കൂടിയാണ് ഇദ്ദേഹം. സ്വന്തം മകളുടെ വിവാഹത്തിന് മാത്രമാണ് ഗവൺമെന്റ് ഇദ്ദേഹത്തിന് പരോൾ നൽകിയിരുന്നത്.
നിയമസഭാ പോരാട്ടത്തില്‍ കാമറെഡ്ഢി മണ്ഡലത്തിൽ കെസിആറിനെതിരെ മത്സരിക്കാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും റെഡ്ഢി കാണിച്ചു.

തെലുങ്കുദേശം പാർട്ടിയിൽ നിന്നും രാഷ്ട്രീയ തന്ത്രം പഠിച്ചിറങ്ങിയ രേവന്ത് റെഡ്ഡി 2017ൽ കോൺഗ്രസിലേക്ക് എത്തുമ്പോൾ കെസിആർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല അദ്ദേഹത്തിന്റെ ഈ വളർച്ച. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ ഉത്തംകുമാർ റെഡ്ഡി പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡിയുടെ വരവ്. ചുരുക്കിപ്പറഞ്ഞാൽ ആ വരവ് ശരിക്കും ഒരു ഒന്നൊന്നര വരവായിരുന്നു. അധ്യക്ഷ പദവിയും വഹിച്ച് നേതൃസ്ഥാനത്തിരിക്കാൻ മാത്രമല്ല ജനങ്ങൾക്കൊപ്പവും തെരുവിലിറങ്ങി പ്രവർത്തിക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ റെഡ്ഡി തെലങ്കാനയിൽ കോൺഗ്രസിന്റെ ജനകീയ മുഖമായി മാറി.

മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ഏറ്റവും വലിയ വിമർശകനായി റെഡ്ഡി മാറി. അടുത്തിടെ കെസിആറിന്റെ മകനെതിരെ നടത്തിയ വിമർശനം ഏറെ ചർച്ചയായിരുന്നു. താൻ ൻ മെറിറ്റ് കോട്ടയിലാണ് വന്നതെന്നും അദ്ദേഹത്തിന്റെ മകൻ മാനേജ്‌മെന്റ് കോട്ടയിലാണെന്നുമാണ് രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.

സ്‌കൂൾ പഠനകാലത്ത് എബിവിപിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന വിദ്യാർത്ഥി നേതാവായിരുന്നു രേവന്ത് റെഡ്ഡി. പിന്നീട് സംഘ്പരിവാർ ആശയം വിട്ട് തെലുങ്കുദേശം പാർട്ടിയിലേക്കും പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറി. 2009, 2014 വർഷങ്ങളിൽ രണ്ടു തവണ ടിഡിപി ടിക്കറ്റിൽ ആന്ധ്ര നിയമസഭയിലെത്തിയിട്ടുണ്ട്. 2017ൽ കോൺഗ്രസിലെത്തി. അടുത്ത വർഷം കോൺഗ്രസ് ടിക്കറ്റിലും മത്സരിച്ചു ജയിച്ചു. തെലങ്കാന രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവായി രാഷ്ട്രീയ വിദഗ്ധർ ഇതിനെ വിലയിരുത്തിയിരുന്നു. 2019ൽ മൽകാജ്ഗിരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം പാർലമെന്റിലുമെത്തി.

കെസിആറിനെ നേരിടാൻ പറ്റിയ ആൾ രേവന്ത് റെഡ്ഡിയാണെന്ന ഹൈക്കമാൻഡിന്റെ വിലയിരുത്തൽ ശരിയാണെന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജനത്തെ ഇളക്കിമറിച്ച് രേവന്ത് റെഡ്ഡി പ്രചാരണം നടത്തിയപ്പോൾ ബിആർഎസ് ശരിക്കും ഭയന്നിരുന്നു. കെസിആറിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുന്ന നേതാവെന്ന നിലയിൽ ഭരണവിരുദ്ധ വോട്ടുകൾ കോൺഗ്രസിന് ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.