Tuesday, November 5, 2024
National

സോണിയ ​ഗാന്ധിയെ വഞ്ചിച്ച ചന്ദ്രശേഖ‍ർ റാവു; തെലുങ്കാനയിലെ വിജയം കൊൺ​ഗ്രസിന്റെ പ്രതികാരം

Spread the love

തെലങ്കാനയിൽ ബിആർഎസ് ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീണിരിക്കുന്നു. കെസിആറിന് തെലങ്കാന മൂന്നാമൂഴം നൽകിയില്ല. കെസിആറിന്റെ ജനപ്രിയ വാ​ഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതോടെ വിഭജനം നഷ്ടപ്പെടുത്തിയ തെലുങ്ക് ദേശം തിരിച്ചുപിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് മടങ്ങി വരവിന് കളമൊരുക്കിയത്. കോണ്‍ഗ്രസിന് ഈ വിജയം നല്‍കുന്ന ഊര്‍ജം ചെറുതല്ല.

കോണ്‍ഗ്രസ് തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ വിഭജനത്തോടെ കൈയ്യില്‍ നിന്ന് നഷ്ടമായ തെലുങ്ക് ദേശം തിരിച്ചുപിടിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കോണ്‍ഗ്രസ്. ഈ തെരഞ്ഞെടുപ്പില്‍ തെലങ്കാന പിടിച്ചെടുക്കാമെന്ന കോണ്‍ഗ്രസ് മോഹത്തിന് പിന്നില്‍ കര്‍ണാടകയിലെ വിജയത്തിന്റെ ഊര്‍ജ്ജവുമുണ്ട്. ആന്ധ്രാപ്രദേശ് വിഭജനമെന്നത് പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ചരിത്ര മണ്ടത്തരമായി വിലയിരുത്തപ്പെടുകയും വിഭജനത്തിന് ശേഷം ഇന്നേവരെ ആന്ധ്രാ പ്രദേശും തെലങ്കാനയും കോണ്‍ഗ്രസിനെ പരിഗണിക്കാത്തതും ആ മണ്ടത്തരത്തിന്റെ തിക്തഫലങ്ങളായിരുന്നു.

തെലങ്കാന വിഭജനത്തിന് വേണ്ടി സമരം ചെയ്ത് വിഭജനം നടത്തിയാല്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് വാക്ക് നല്‍കിയ കെ ചന്ദ്രശേഖര്‍ റാവു വിഭജന ശേഷം കാലുവാരിയതും കോണ്‍ഗ്രസിനെ വഞ്ചിച്ചതും കുറച്ചൊന്നുമല്ല തെലുങ്ക് നാട്ടില്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞത്. അവിഭക്ത ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനോളം അടിയുറപ്പുള്ള മറ്റൊരു പാര്‍ട്ടി ഇല്ലെന്ന ചരിത്രം മുന്നില്‍ നില്‍ക്കെയാണ് വിഭജന തീരുമാനം കൈകൊണ്ട 2014ന് ശേഷം കോണ്‍ഗ്രസിനെ ആന്ധ്രയോ തെലങ്കാനയോ വകവെച്ചിട്ടില്ലെന്ന വാസ്തവവും മുന്നിലുള്ളത്.

തെലങ്കാന വിഭജനത്തിന് വേണ്ടി മുറവിളി കൂട്ടിയ കെസിആര്‍ തെലങ്കാന നേരിട്ട അവഗണനയുടെ കാര്യക്കാരായി കോണ്‍ഗ്രസിനെ മുദ്രകുത്തിയതോടെ പുതിയതായി രൂപം കൊണ്ട സംസ്ഥാനത്തില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനായില്ല. 2014 മുതല്‍ ഇതുവരെ രണ്ട് തവണയും തെലങ്കാനയില്‍ കെസിആറും അദ്ദേഹത്തിന്റെ പാര്‍ട്ടി ബിആര്‍എസുമാണ് അധികാരത്തില്‍ വന്നത്. അഴിമതിയുടെ വലിയ ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും ഇപ്പോൾ തെലങ്കാനയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന് ഉയർത്തെഴുനേൽക്കാൻ കഴിഞ്ഞത്. ഹാട്രിക് നേടി ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച കെസിആറിന് തിരിച്ചടി നൽകികൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോൾ വിഭജനത്തിന്റെ മുറിവുണക്കിയിരിക്കുന്നത്.