രാജസ്ഥാനിൽ തന്ത്രം മെനഞ്ഞ് ബിജെപി; തൂക്കുസഭയെങ്കിൽ മുഖ്യമന്ത്രി ജ്യോതിരാധിത്യ സിന്ധ്യ ?
രാജസ്ഥാനിൽ തന്ത്രം മെനഞ്ഞ് ബിജെപി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തൂക്കുസഭയെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജ്യോതിരാധിത്യ സിന്ധ്യയെ പരിഗണിക്കാനാണ് ബിജെപിയുടെ പുതിയ നീക്കം. സ്വതന്ത്ര സ്ഥാനാർത്ഥികളേയും കോൺഗ്രസിൽ നിന്നുള്ളവരെയും സ്വാധീനിക്കുകയാണ് ലക്ഷ്യം. ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് പുറമെ, വിജയ വർക്കിയ, നരേന്ദ്രസിംഗ് തോമർ, നരോത്തം മിശ്ര എന്നിവരും പരിഗണനയിലുണ്ട്. വിവിധ സ്ഥാനാർത്ഥികളുമായി ബി.ജെ.പി നിരീക്ഷകർ ആശയ വിനിമയം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് മൂന്ന് കാരണങ്ങൾ നിരത്തിയാണ് ഗെഹ്ലോട്ട് വാദിക്കുന്നത്. അതിലൊന്ന് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നതാണ്. രണ്ടാമത്തെ കാരണമായി ഉയർത്തിക്കാട്ടുന്നത്, രാജസ്ഥാനിൽ മുഖ്യമന്ത്രിക്കെതിരായി ആരോപണങ്ങൾ ഒന്നും ഇല്ലെന്നുള്ളതാണ്. ഒപ്പം കോൺഗ്രസ് സർക്കാരിനെ ലക്ഷ്യം വച്ച് ബിജെപിയും നരേന്ദ്ര മോദിയും നടത്തിയ നീച പ്രവർച്ചനങ്ങളും ദുഷ് പ്രചാരണങ്ങളും ജനങ്ങൾ മുഖവിലയ്‌ക്കെടുത്തില്ലെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടുന്നു.
200 സീറ്റുകളുള്ള രാജസ്ഥാനിൽ കഴിഞ്ഞ വർഷം 108 സീറ്റുകളുമായാണ് കോൺഗ്രസ് വിജയിച്ചത്. രാഷ്ട്രീയ ലോക് ദളിന്റെ ഒരു സീറ്റും, 13 സ്വതന്ത്രരേയും ചേർത്താണ് രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. 2018 ൽ ബിജെപിക്ക് വെറും 70 സീറ്റുകളാണ് ലഭിച്ചത്. കരൺപൂരിലെ സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്, അതുകൊണ്ട് തന്നെ രാജസ്ഥാനിൽ ഇക്കുറി 199 സീറ്റുകളിലാണ് മത്സരം നടക്കുന്നത്.