Tuesday, November 5, 2024
Latest:
National

4 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് കാതോർത്ത് ഇന്ത്യ;

Spread the love

നാല് സംസ്ഥാനങ്ങളിലെ നിർണായകമായ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് കാതോർത്ത് ഇന്ത്യ. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് രാവിലെ 8 മുതൽ പുറത്തുവരിക. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിൽ ബിആർഎസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺ​ഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.

ഛത്തീസ്‌ ഗഡിലെ 20 ഇടത്തായിരുന്നു ആദ്യ വിധിയെഴുത്ത് നടന്നത്. അവശേഷിച്ച 70 മണ്ഡലങ്ങളും മധ്യപ്രദേശിലെ 230 ഇടത്തുമായിരുന്നു രണ്ടാം ഘട്ട വിധിയെഴുത്ത്. 199 സീറ്റിലേക്ക് രാജസ്ഥാൻ വിധിയെഴുതി. തെലങ്കാന അന്തിമ ഘട്ടത്തിലാണ് ബൂത്തിലെത്തിയത്. തെലങ്കാനയിൽ ഹാട്രിക് വിജയം സ്വപ്‌നം കാണുകയാണ് കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍). ഒരു ട്രാന്‍സ്‌ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടിയത്.

ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമായുള്ള കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ പോയതിനാൽ മധ്യപ്രദേശിൽ കോൺഗ്രസിന് ഭരണം നഷ്ടമായിരുന്നു. കമൽ നാഥ് മുഖ്യമന്ത്രിയായ 15 മാസങ്ങൾ ഒഴികെ 2008 മുതൽ ബി.ജെ.പി ഭരണത്തിലാണ് മധ്യപ്രദേശ്. ഛത്തീസ്‌ഗഡ്‌, രാജസ്ഥാൻ എന്നിവിടങ്ങളിൽ അധികാരം നിലനിർത്തുകയും മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റയ്ക്കും മിസോറാമിൽ സഖ്യകക്ഷിയോടൊപ്പവും അധികാരത്തിൽ എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഞായറാഴ്ച മിസ്സോറമിലെ ജനങ്ങൾക്ക് വിശേഷ ദിവസമായതിനാലാണ് അവിടുത്തെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.