പത്മകുമാറിന് തമിഴ്‌നാട്ടില്‍ നിന്ന് സഹായം കിട്ടി, സഹായി തെങ്കാശിയിലെ ഫാം സൂക്ഷിപ്പുകാരന്‍; ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്
കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പത്മകുമാറിന്റെ സഹായിയുടെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നു. തമിഴ്‌നാട് സ്വദേശിയായ സഹായിയുടെ ഫോണാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നത്. പൊലീസ് പിടിക്കുമെന്നായപ്പോള്‍ തമിഴ്‌നാട്ടിലേക്ക് കടന്ന പത്മകുമാറിന് തെങ്കാശിയില്‍ വേണ്ട സഹായങ്ങളൊരുക്കിയത് ഇയാളായിരുന്നു. തെങ്കാശി കേശവപുരത്തെ പത്മകുമാറിന്റെ ഫാം സൂക്ഷിപ്പുകാരനാണ് ഇയാള്‍. സഹായിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പത്മകുമാറിനേയും കുടുംബത്തേയും അറസ്റ്റ് ചെയ്യുമ്പോള്‍ സഹായിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ആറുവയസുകാരിയെ താനും കുടുംബവും തട്ടിക്കൊണ്ടുപോകാന്‍ കാരണം തന്റെ സാമ്പത്തിക പ്രശ്നങ്ങളെന്ന് പ്രതി പത്മകുമാര്‍ മൊഴിനല്‍കിയിട്ടുണ്ട്. തന്റെ വസ്തുവിറ്റാല്‍ ആറ് കോടി കിട്ടുമെങ്കിലും വസ്തുവില്‍ക്കാന്‍ സാധിക്കാതെ വന്നതിനാലാണ് പത്ത് ലക്ഷത്തിന് വേണ്ടി ഈ കൃത്യം ചെയ്തതെന്നാണ് പത്മകുമാര്‍ പറയുന്നത്. ഫാം ഹൗസ് പണയപ്പെടുത്തിയാണ് ഇയാള്‍ വായ്പയെടുത്തിരുന്നത്. തട്ടിക്കൊണ്ടുപോയ ദിവസം കുട്ടിയെ പാര്‍പ്പിച്ചിരുന്നതും ഇതേ ഫാം ഹൗസിലാണ്.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരു സംഘം സഹായിച്ചെന്ന സംശയം ഉയരുന്നുണ്ട്. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. കുട്ടിയെ മറ്റിടങ്ങളില്‍ ഒളിപ്പിച്ചോയെന്നും അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ടെ വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയാണെന്ന് തെളിഞ്ഞു. അനിതകുമാരിയുെടെ ശബ്ദം പഞ്ചായത്ത് പ്രിതിനിധികള്‍ തിരിച്ചറിഞ്ഞു.