Monday, November 25, 2024
Health

മനസിനെ മറക്കരുത്; മാനസികാരോഗ്യം തളരുന്നുവെന്ന് തോന്നുമ്പോൾ ചെയ്യാം ഈ കാര്യങ്ങൾ

Spread the love

ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ രീതിയിലാണ് സാഹചര്യങ്ങളെ കാണുന്നതും അതിനോട് പ്രതികരിക്കുന്നതും. തിരക്കേറിയ ജീവിതക്രമവും മറ്റും കാരണം കാലത്ത് വളരെയധികം ആത്മസംഘർഷം അനുഭവിക്കുന്നവരാണ് മിക്ക ആളുകളും. ജോലി സ്ഥലത്തെ ടെൻഷൻ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കാരണം ജീവിതം അനാരോഗ്യകരമായി മാറുമ്പോഴും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ ഇവർക്ക് കഴിയാറില്ല. മാനസികാരോഗ്യം തളരുന്നുവെന്ന് തോന്നുമ്പോൾ ചെയ്യാം ഈ കാര്യങ്ങൾ

1 . ഭക്ഷണ ക്രമീകരണം

ഭക്ഷണക്രമീകരണം ശരീരത്തിന് ഉത്തമം എന്നോണം മാനസികമായ ആരോഗ്യത്തിനും ഉപകാരപ്രദമാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ പോഷകാഹാരം വലിയ പങ്കു വഹിക്കുന്നു. വൈറ്റമിനും പ്രോട്ടീനും ഫൈബറും എല്ലാം അടങ്ങിയ ഭക്ഷണം ശരീരത്തിനും അതുവഴി മനസ്സിനും ആരോഗ്യം നൽകുന്നു. അതോടൊപ്പം സമയബന്ധിതമായ ഭക്ഷണക്രമീകരണവും പ്രധാനപ്പെട്ടതാണ്.

2 . കൃത്യമായ വ്യായാമം

നമ്മുടെ ശരീരത്തെയും അതുപോലെതന്നെ മനസ്സിനെയും ആരോഗ്യത്തോടെ കൊണ്ടുനടക്കാൻ സഹായിക്കുന്ന ഒന്നാണ് വ്യായാമം. പതിവായുള്ള വ്യായാമം നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കാനും നാം ചെയ്യുന്ന പ്രവൃത്തികൾ കൂടുതൽ ശ്രദ്ധ കൊടുത്തു ചെയ്യുവാനും സഹായിക്കുന്നു. ഓരോ മനുഷ്യന്റെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് അവന്റെ തലച്ചോറാണ്. അതുകൊണ്ടുതന്നെ പതിവായുള്ള വ്യായാമം തലച്ചോറിന്റെ പ്രവർത്തനങ്ങളെ സന്തുലിതാവസ്ഥയിൽ കൊണ്ടുപോകുവാൻ സഹായിക്കുന്നതിനൊപ്പം ഉറക്കത്തെ ക്രമീകരിക്കുകയും ചെയ്യുന്നു.

3. ലഹരി വസ്തുക്കളോട് NO പറയാം

ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ പ്രത്യേകമായ ആനന്ദവും ഉന്മേഷവും ലഭിക്കുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും അത് ഉപയോഗിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ ഉൽക്കണ്ഠയേയും ഏകാന്തതയേയും മറക്കുവാൻ ആണ് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന ആദ്യകാലങ്ങളിൽ ഒക്കെ പ്രത്യേകമായ ആനന്ദം ലഭിക്കുമെങ്കിലും പതിയെ പതിയെ ആ വ്യക്തിയുടെ തലച്ചോറിനെ കാർന്നുതിന്നുന്ന വലിയ വിപത്തായി ലഹരിവസ്തുക്കൾ മാറുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിലും കുടുംബത്തിലും അതിലുപരി വ്യക്തിപരമായ ജീവിതത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മാനസികമായ ആരോഗ്യത്തെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു.

4. ബന്ധങ്ങളെ ചേർത്തു പിടിക്കുക

മുഖാഭിമുഖം സംസാരിക്കാൻ ഒരാളെ ലഭിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നുംതന്നെ ഇല്ലെന്ന് ചിലപ്പോഴൊക്കെ നാം ചിന്തിക്കാറുണ്ട്. പക്ഷേ ഇത് എപ്പോഴും സാധ്യമാകുന്ന കാര്യമല്ല. ഇന്നത്തെ ഈ കാലഘട്ടത്തിൽ സമൂഹ മാധ്യമങ്ങളും ഓൺലൈൻ സംവിധാനങ്ങളും പുതിയ പുതിയ സംവേദന മാർഗങ്ങൾ കണ്ടുപിടിക്കുമ്പോൾ ബന്ധങ്ങൾ നിലനിർത്താൻ ഇതിൽപ്പരം മറ്റൊരു മാർഗവും ഇല്ലെന്നുതന്നെ പറയാൻ സാധിക്കും. നമ്മുടെ പ്രിയപ്പെട്ടവരോട് ഫോണിൽ ഒന്ന് സംസാരിക്കുന്നതിനോ ഒരു മെസ്സേജ് അയക്കുന്നതിനോ സമയം കണ്ടെത്തുന്നത് നഷ്ടമായി കരുതേണ്ട. ഒരുപക്ഷേ ഒരു ജീവൻ തന്നെയാവും നമുക്ക് നേടിയെടുക്കാൻ കഴിയുന്നത്. ഇനി നമുക്കും പറയുവാൻ സാധിക്കണം നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ ഒപ്പമുണ്ടെന്ന്.

5.വിദഗ്ധ സഹായം തേടുക

നാം ചെയ്യുന്ന പ്രവൃത്തികൾക്കിടയിൽ ചിലപ്പോഴൊക്കെ തളർന്നു പോകാറുണ്ട്. നമുക്ക് നമ്മളെതന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ പ്രശ്നങ്ങളെ നേരിടാൻ കഴിയുന്നില്ലെങ്കിൽ സഹായം ചോദിക്കാൻ മടിക്കരുത്. അത് വീട്ടുകാരോട് ആവാം കൂട്ടുകാരോട് ആവാം അതിലുപരി വിദഗ്ധരായ ആളുകളോട് ആവാം. അതുപോലെതന്നെ നാം മാനസികമായി തളരുമ്പോൾ സഹായിക്കാൻ പ്രൊഫഷണൽ ആയിട്ടുള്ള ഒട്ടനവധി ആളുകൾ സമൂഹത്തിൽ ഉണ്ട്, ഒപ്പം വ്യാജന്മാരും. അതുകൊണ്ടുതന്നെ പക്വതയോടെ കാര്യങ്ങൾ അന്വേഷിക്കാനും ഏറ്റവും ഉപയോഗപ്രദമായ സേവനങ്ങൾ സ്വീകരിക്കാനും പരിശ്രമിക്കാം.