‘കുട്ടിയുടെ അച്ഛനോട് വൈരാഗ്യമുണ്ടായിരുന്നു, മകളുടെ നഴ്സിംഗ് പഠനത്തിന് പണം കൈമാറി, പക്ഷേ…’; കൊല്ലം കിഡ്നാപ്പിംഗ് കേസ് പ്രതിയുടെ മൊഴി വിവരങ്ങള്‍
കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. കുട്ടിയുടെ അച്ഛന് റെജിയോട് തനിക്ക് തോന്നിയ വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പത്മകുമാര്‍ ഇപ്പോള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മകളുടെ നഴ്സിംഗ് പഠനത്തിന് റെജിക്ക് പണം നല്‍കിയിരുന്നു. തിരികെ ചോദിച്ചപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചു. ഇത് തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പത്മകുമാര്‍ പറഞ്ഞത് പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പത്മകുമാര്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി പൊലീസ് അന്വേഷിച്ചുവരികയാണ്.
അഞ്ച് ലക്ഷം രൂപ റെജിയ്ക്ക് കൈമാറിയെന്നാണ് പത്മകുമാര്‍ പറയുന്നത്. കുട്ടിയെ പാര്‍പ്പിച്ചതായി കണ്ടെത്തിയ ചിറക്കരയിലെ വീടുമായി ബന്ധപ്പെട്ട് പത്മകുമാര്‍ പൊലീസിന് നല്കിയ മൊഴിയില്‍ ഉള്‍പ്പെടെ വൈരുധ്യമുണ്ട്. ഈ പശ്ചാത്തലത്തില്‍ പത്മകുമാര്‍ പറഞ്ഞത് പൂര്‍ണമായും വിശ്വാസയോഗ്യമാണെന്ന് കരുതുന്നില്ല. മാത്രമല്ല കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.
തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ പത്മകുമാറുണ്ടായിരുന്നുവെന്ന് കൊല്ലത്തെ ആറുവയസുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന് എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ് ആറുവയസുകാരി സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ചാത്തന്നൂരിന് സമീപമുള്ള ചിറക്കരയിലാണ് ഓടിട്ട വീടുള്ളത്. ഡിവൈഎസ്പിയും വനിതാ സിപിഒയും കുട്ടിയെ കൂടുതല്‍ ചിത്രങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്.