കേരള വർമ തെരഞ്ഞെടുപ്പ് റീകൗണ്ടിംഗ് ശനിയാഴ്ച; വിഡിയോയിൽ പകർത്തും
തൃശൂർ ശ്രീ കേരളവർമ്മ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിലെ റീ കൗണ്ടിങ് ഡിസംബർ രണ്ടിന് രാലിലെ 9ന് നടക്കും. റീ കൗണ്ടിങ് വിഡിയോയിൽ പകർത്താനും തീരുമാനമായി. കെ.എസ്.യുവിൻ്റെ ചെയർമാൻ സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ റീക്കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്നു ചേർന്ന വിദ്യാർത്ഥി സംഘടന പ്രതികളുടെ യോഗത്തിലാണ് തീരുമാനം.
കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ശിവദാസൻ നൽകിയ ഹർജിയിലെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വീണ്ടും ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ നടത്തുന്നത്. വോട്ടിംഗ് ദിവസം വൈദ്യുതി ബന്ധം ഉൾപ്പെടെ തടസ്സപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിൽ പ്രിൻസിപ്പലിന്റെ ചേമ്പറിൽ ആയിരിക്കും വോട്ടെണ്ണൽ നടക്കുക. ഒപ്പം വോട്ടെണ്ണൽ നടപടി പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ടുകൊണ്ട് ചെയർമാൻ സ്ഥാനാർത്ഥികളെ പ്രതികരിച്ചുള്ള സംഘടനകളുടെ പ്രതിനിധികളുടെ യോഗമാണ് ഇന്നുച്ചക്ക് ചേർന്നത്. കോടതി ഉത്തരവും യൂണിവേഴ്സിറ്റിയുടെ ബൈലോയും സാധു അസാധു വോട്ടുകൾ എങ്ങനെ വേർതിരിക്കും എന്നതെല്ലാം യോഗത്തിൽ വിശദീകരിച്ചു. സൗഹാർദപരമായി ഇന്ന് യോഗം പിരിഞ്ഞതുപോലെ വോട്ടിങ്ങും പൂർത്തിയാക്കാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് കോളേജ് അധികൃതർ.
എസ്.എഫ്.ഐയുടെ 41 വർഷത്തെ ചരിത്രം തിരുത്തി ഒരു വോട്ടിന് കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ വിജയിച്ചിരുന്നു. തുടർന്ന് എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം റീക്കൗണ്ടിംഗ് നടന്നു. 11 വോട്ടിന് എസ്.ഫ് .ഐ സാനാർത്ഥി അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കെഎസ്‌യു സ്ഥാനാർഥി കോടതിയെ സമീപിക്കുകയായിരുന്നു.