Saturday, April 5, 2025
Latest:
National

ഒടുവില്‍ അവര്‍ വെളിച്ചത്തിലേക്ക്; സില്‍ക്യാര ദൗത്യം പതിനേഴാം ദിവസം വിജയം

Spread the love

ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താന്‍ ആരംഭിച്ചു. ദുരന്തം നടന്ന് പതിനേഴാം ദിവസമാണ് പ്രതീക്ഷയുടെ വിളക്കേന്തി തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. പുറത്തെടുക്കാനുള്ള തുരങ്കത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.

ഡ്രില്ലിങ് പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും കയറുകളും ലൈറ്റുകളും സ്ട്രെച്ചറുകളും സജ്ജീകരിച്ച് തുരങ്കത്തിന്റെ കവാടത്തില്‍ തയ്യാറായി നില്‍ക്കുകയാണ്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും അടിയന്തര വൈദ്യ സഹായം നല്‍കാനും ആംബുലന്‍സുകളും തയ്യാറാണ്.

എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുടെ ഒരു സംഘം ആദ്യം പൈപ്പ് ലൈനിലൂടെ തുരങ്കത്തിന്റെ മറുവശത്തേക്ക് കടക്കും. അവിടെയെത്തിക്കഴിഞ്ഞാല്‍, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തും. ആരോഗ്യ നില അറിഞ്ഞ ശേഷം പുറത്തേക്ക് കടക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാണ് നീക്കം.