Monday, January 27, 2025
Kerala

നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്‌തു

Spread the love

നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്‌തു. മലപ്പുറം ഡിസിസി അംഗം എ പി മൊയ്ദീന് നേരെയാണ് നടപടി. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്തതിനാൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നു എന്നറിയിച്ചുള്ള കത്താണ് നൽകിയത്.

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങള്‍ മലപ്പുറത്ത് നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു. വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഹസീബ് സക്കാഫ് തങ്ങള്‍ പറഞ്ഞു. ലീഗ് നേതാവ് പി പി ഇബ്രാഹിം മാസ്റ്ററും കോണ്‍ഗ്രസ് നേതാക്കളായ സി മൊയ്തീനും, കെ പി കെ തങ്ങളും പ്രഭാത യോഗത്തില്‍ പങ്കെടുത്തു.

നവ കേരള സദസില്‍ പങ്കെടുത്ത മറ്റ് കോണ്‍ഗ്രസ്-ലീഗ് നേതാക്കളെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ എന്‍ അബൂബക്കര്‍, താമരശേരിയില്‍ നവ കേരള സദസ്സില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈന്‍, മൊയ്തു മുട്ടായി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.