Monday, November 18, 2024
Latest:
Kerala

ആഘോഷങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം: ക്യാംപസ് പരിപാടികൾക്കും ബാധകമാക്കിയേക്കും, പൊതുമാർഗനിർദ്ദേശത്തിന് നീക്കം

Spread the love

കൊച്ചി : നിശ്ചിത സമയത്തെ ആൾക്കൂട്ടനിയന്ത്രണം പാളിയതിൽ ഗുരുതരവീഴ്ച തുറന്നുകാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം. പൊലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു.

അടച്ചിട്ട ഗേറ്റ് കടന്നെത്തുന്നത് പടുകുഴിയിലേക്ക്. ഇവിടെ സ്റ്റെപ്പുകളിലിരിക്കുകയായിരുന്നു കുട്ടികളിൽ ചില‍ര്‍. ചുരുങ്ങിയ സമയത്തിൽ പടിക്കെട്ടിലേക്ക് നിയന്ത്രണത്തിനപ്പുറം വിദ്യാർത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചു. ഗേറ്റിന് പുറത്തുള്ളവർ ഇരുവശത്തെ കമ്പികൾ മറികടന്നും ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. ഗേറ്റിന് പുറത്ത് പിൻവാങ്ങാതെ ആൾക്കൂട്ടം. ഓഡിറ്റോറിയത്തിനുള്ളിലും ചിതറി ഓടാൻ പോലുമാകാതെ ബാരിക്കേഡുകൾ തട്ടി ആൾക്കൂട്ടം പിന്നെയും ഞെരുങ്ങി.

ധിഷ്ണ ടെക്ഫെസ്റ്റിന്‍റെ രക്ഷാധികാരി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘാടക സമിതി. ആദ്യം കുസാറ്റിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിൾക്ക് പ്രവേശനം, പിന്നെ സർവ്വകലാശാലയിലെ മറ്റ് വകുപ്പിലെ വിദ്യാർത്ഥികൾ ഇനിയും സ്ഥലമുണ്ടെങ്കിൽ പുറത്തുള്ളവർക്കും. അവിടെ തന്നെ ആദ്യം പാളി. മുൻകൂട്ടി നിശ്ചയിച്ച സമയത്തിനപ്പുറം പരിപാടി തുടങ്ങുന്നത് നീണ്ടു. അടച്ച ഗേറ്റ് പെട്ടെന്ന് തുറന്നപ്പോൾ ആൾക്കൂട്ടം ഇരച്ചെത്തി. സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് സബ്കമ്മിറ്റി അപകടകാരണങ്ങളിൽ അന്വേഷണം തുടങ്ങി.

ശബരിമലയും തൃശൂർ പൂരവും ഉൾപ്പടെ സംസ്ഥാനത്തെ ഏറ്റവും വലിയ ആൾക്കൂട്ടമെത്തുന്ന ഇടങ്ങളിൽ കൃത്യമായ പൊലീസ് വിന്യാസമാണ് കാര്യങ്ങൾ എളുപ്പമാക്കുന്നത്.എന്നാൽ അടച്ചിട്ട ഇടങ്ങളിലും ഓഡിറ്റോറിയത്തിലും പൊതുമാർഗനിർദ്ദേശത്തിന്‍റെ പ്രസക്തിയാണ് കുസാറ്റ് ദുരന്തം വഴിവയ്ക്കുന്നത്. കഴിഞ്ഞ മാസം കുസാറ്റിൽ നടന്ന മറ്റൊരു പരിപാടിയ്ക്കായി പൊലീസിനെ അറിയിച്ചിട്ടും എത്താത്തതിനാൽ ഇത്തവണ പൊലീസിലേക്ക് വിവരം എത്തിയിരുന്നില്ല. ഉപഗേറ്റുകൾ അടച്ചിട്ട അവസ്ഥയിൽ തുറന്നിട്ട ഏകഗേറ്റിന് അല്പം മുന്നില്ലെങ്കിലും ബാരിക്കേഡ് വെച്ച് നിയന്ത്രിച്ചിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിലയിരുത്തൽ