Kerala

കുസാറ്റ് ദുരന്തം: മെഡിക്കൽ ബോർഡ് യോഗം ചേരും, മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം ഉടൻ

Spread the love

കൊച്ചി കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ വിട്ടു നൽകും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുസാറ്റിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.

അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 38 ഓളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ഒരേ പരിക്ക്. കരൾ, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്കാണ് കൂടുതൽ പരിക്കും. അതിനിടെ, പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ച 18 പേരിൽ 16 പേർ ആശുപത്രി വിട്ടു. 2 പേർ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് യോഗം ചേരും. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് യോഗം. കൃത്യമായ ഇടവേളകളിൽ വിദ്യാർഥികളുടെ ആരോഗ്യനില വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ കളമശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.