നാല് ശതമാനം മുസ്ലിം സംവരണം നിർത്തലാക്കും; തെലങ്കാനയിൽ അമിത്ഷായുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം
തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനിടെയാണ് പ്രഖ്യാപനം.സംസ്ഥാനത്ത് നിലവിലുള്ള മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ അമിത് ഷാ, ബിജെപി വിജയിച്ചാൽ അത് നിർത്തലാക്കുമെന്ന് പറഞ്ഞു.
ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. നവംബർ 30നാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ ഭരണഘടനാ വിരുദ്ധമായ 4% മുസ്ലീം സംവരണം നിർത്തലാക്കും. മുസ്‌ലിം ക്വാട്ട ഒബിസി, എസ്‌സി, എസ്ടി എന്നിവയ്ക്ക് പുനർവിതരണം ചെയ്യും. ബിജെപി അധികാരത്തിലെത്തുന്നതോടെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്നും അമിത് ഷാ പറഞ്ഞു.
Read Also: വേദങ്ങളും രാമായണവും മഹാഭാരതവും സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം; ശുപാര്‍ശ എന്‍സിഇആര്‍ടി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍
നേരത്തെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്നും മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) ക്വാട്ട വർദ്ധിപ്പിക്കുമെന്നും അമിത്ഷാ വാഗ്ദാനം ചെയ്തിരുന്നു. കോൺഗ്രസും ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും പട്ടിക വർഗ വിരുദ്ധ പാർട്ടികളാണെന്നും അമിത്ഷാ ആരോപിച്ചു. യൂണിഫോം സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന പ്രഖ്യാപനും ബിജെപി നടത്തി.