15 കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു, 17 -കാരൻ തലയിൽ നിന്നും രക്തം വാർന്ന് മരിച്ചു
ലാസ് വേഗാസിലെ റാഞ്ചോ ഹൈസ്കൂളിന് പുറത്തായി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഒരു 17 -കാരനെ ഒരു സംഘം അക്രമിച്ചത്. ദിവസങ്ങൾക്ക് ശേഷം ജോനാഥൻ ലൂയിസ് എന്ന ആ കൗമാരക്കാരൻ മരിച്ച വാർത്തയാണ് പുറത്ത് വരുന്നത്. പ്രായപൂർത്തിയായിട്ടില്ലാത്ത 15 ആൺകുട്ടികൾ ചേർന്നാണ് നവംബർ ഒന്നിന് ജോനാഥനെ അക്രമിച്ചത്.
ജോനാഥന്റെ ഒരു സുഹൃത്തിൽ നിന്നും 15 പേരടങ്ങുന്ന കുട്ടികളുടെ സംഘം എന്തോ തട്ടിയെടുത്തു. അത് ചോദിക്കാൻ പോയപ്പോൾ അവനെ സംഘം അക്രമിക്കാൻ തുനിയുകയും മാലിന്യമിടുന്ന ബിന്നിനകത്തേക്ക് വലിച്ചിടുകയും ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്യാൻ പോയതായിരുന്നു ജോനാഥൻ. ഇതേ തുടർന്ന് സംഘം അതിക്രൂരമായി അവനെ മർദ്ദിച്ചു. വൈകുന്നേരം 5:05 ഓടെ പൊലീസാണ് വളരെ മോശം അവസ്ഥയിൽ ജോനാഥനെ കണ്ടെത്തുന്നത്. അവന്റെ തലയിൽ നിന്നും ആ സമയത്തെല്ലാം രക്തമൊഴുകുന്നുണ്ടായിരുന്നു.
അമ്മയ്ക്കൊപ്പം ലാസ് വേഗാസിൽ താമസിക്കുകയാണ് ജോനാഥൻ. അടുത്തു തന്നെ ടെക്സാസിലെ ഓസ്റ്റിനിലേക്ക് താമസം മാറാൻ തയ്യാറെടുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. അവന്റെ അച്ഛൻ ജോനാഥന്റെ ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്താൻ GoFundMe -യിൽ ഒരു കാമ്പയിൻ തുടങ്ങിയിരുന്നു.
“നിങ്ങളിൽ പലരും ലാസ് വെഗാസിൽ15 പേരാൽ അക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഞങ്ങളുടെ മകനെ കുറിച്ചുള്ള വാർത്ത കണ്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അക്രമത്തെ അപലപിക്കുന്നു എന്ന് പറയുന്നതല്ലാതെ മറ്റ് വിവരങ്ങളൊന്നും ഞങ്ങൾക്ക് പുറത്തുവിടാൻ കഴിയില്ല. കമ്മ്യൂണിറ്റി അംഗങ്ങൾക്കെല്ലാം സമാധാനപരമായിത്തന്നെ ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ മകനെയും എല്ലാ കുട്ടികളെയും ഞങ്ങൾ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു!“ എന്നാണ് അദ്ദേഹം അതിനൊപ്പം കുറിച്ചത്. ജോനാഥന് ഭാവിയിൽ ഒരു ആർട്ടിസ്റ്റാവാനായിരുന്നു ആഗ്രഹം എന്നും അവന്റെ അച്ഛൻ പറയുന്നു.
എന്നാൽ, ചികിത്സയ്ക്കൊന്നും ജോനാഥനെ രക്ഷിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം പുറത്ത് വന്നത് അവന്റെ മരണവാർത്തയാണ്. ജോനാഥന്റെ മരണശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ മകന്റെ വിയോഗം താങ്ങാനാവുന്നില്ല എന്നും ഒരിക്കലും ഈ ഒരവസ്ഥയിൽ നിൽക്കേണ്ടി വരുമെന്ന് കരുതിയില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.