സർക്കാർ കക്ഷിയായ കേസിൽ പ്രതിക്ക് വേണ്ടി വാദിക്കാൻ സർക്കാർ വക്കീൽ: ചോദ്യം ചെയ്ത് ഹൈക്കോടതി, കേസ് മാറ്റി
കൊച്ചി: സർക്കാർ കക്ഷിയായ കേസിൽ പ്രതിഭാഗത്തിനായി സർക്കാർ അഭിഭാഷകൻ ഹാജരായത് ചോദ്യം ചെയ്ത് കേരളാ ഹൈകോടതി. മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഹൈക്കോടതി നടപടി. കേസിൽ കെഎം എബ്രഹാമിന് വേണ്ടി ലോകായുക്തയിലെ സീനിയർ സർക്കാർ പ്ലീഡർ എസ് ചന്ദ്രശേഖരൻ നായരാണ് ഹാജരായത്. കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എസ് ചന്ദ്രശേഖരൻ നായർ ഹാജരായത്.
ഹർജിക്കാർ ഈ നടപടിയെ കോടതിയിൽ ചോദ്യം ചെയ്തു. സർക്കാർ അഭിഭാഷകൻ പ്രതിക്ക് വേണ്ടി ഹാജരായത് എങ്ങനെയെന്ന് ഹൈക്കോടതിയും ചോദിച്ചു. വിജിലൻസ് അഭിഭാഷകനോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സാധാരണ ഇത്തരം നടപടി ഉണ്ടാകാറില്ലെന്നും അഭിഭാഷകൻ തന്നെ ഇക്കാര്യം വിശദീകരിക്കട്ടെ എന്നും വിജിലൻസ് ഗവൺമെന്റ് പ്ലീഡർ നിലപാടെടുത്തു. ഇതോടെ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ എസ് ചന്ദ്രശേഖരൻ നായരുടെ വിശദീകരണം കേൾക്കാനായി കേസ് ഡിസംബർ നാലിലേക്ക് മാറ്റിവച്ചു.