Kerala

നവകേരള സദസിനും സാമ്പത്തിക പ്രതിസന്ധി; തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയാൻ സർക്കാർ

Spread the love

തിരുവനന്തപുരം: നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയാൻ സർക്കാർ. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാൻ ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതാണ് സ‍ർക്കാ‍ർ തീരുമാനം.

കേരളീയത്തിൻ്റെ പിരിവ് – സ്പോൺസർഷിപ്പ് വിവാദം തീരും മുമ്പെയാണ് നവകേരള സദസിനുള്ള പിഴിയിൽ. ചരിത്ര സംഭവമെന്ന് സർക്കാർ അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡലപര്യടനത്തിനും ചില്ലിക്കാശില്ലെന്ന് വ്യക്തം. പണമില്ലെങ്കിലും ആർഭാടത്തോടെ പരിപാടി നടത്താനാണ് വിവിധ സ്ഥാപനങ്ങളുടെ ഫണ്ടിൽ കൈവെക്കുന്നത്. പണം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ക്വാട്ട നിശ്ചയിച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോർപ്പറേഷൻ്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് 3 ലക്ഷം രൂപയുമാണ്. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനാണ് ഉത്തരവ്.

പണമില്ലാതെ ഗതികെട്ട നിലയിലാണ് പല തദ്ദേശസ്ഥാപനങ്ങളും. വസ്തുനികുതിയും പെർമിറ്റ് ഫീസും അടുത്തിടെ കൂട്ടിയത് എങ്ങിനെയും നിവർന്ന് നിൽക്കാനായിരുന്നു. അതിനിടെയാണ് കിട്ടുന്നത് സർക്കാറിന്‍റെ നേട്ടം പറയാൻ ജനങ്ങളിലേക്കെത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൊടുക്കേണ്ട സ്ഥിതി. നിശ്ചിത തുക പറയാതെയാണ് സഹകരണ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശം. ആവശ്യത്തിനുള്ള തുക ചെലവഴിക്കാൻ അനുവാദം നൽകിയാണ് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ്. സർക്കാർ സ്ഥാപനങ്ങളെ പിരിക്കൽ മാത്രമല്ല, നവകേരള സദസ്സിന് കേരളീയം മോഡൽ സ്പോണസർഷിപ്പുമുണ്ട്.