നികുതി പിരിക്കേണ്ടയാളെ സംഭാവന പിരിക്കുന്ന ആളാക്കി, മുഖ്യമന്ത്രി അനുമോദിച്ചു: ഗുരുതര തെറ്റെന്ന് വിഡി സതീശൻ
തൃശ്ശൂർ: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ വേദിയിൽ ജിഎസ്‌ടി ഇന്റലിജൻസ് അഡീഷണൽ കമ്മീഷണറെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകമായി അനുമോദിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജിഎസ്‌ടി ഇന്റലിജൻസ് അഡീഷണൽ കമ്മീഷണറെ ആദരിച്ച സംഭവം ഗുരുതര തെറ്റാണ്.
ഏറ്റവുമധികം സ്‌പോണ്‍സർമാരെ പിടിച്ചുകൊടുത്തതിനാണ് അദ്ദേഹത്തെ ആദരിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. ഇത് ഗുരുതരമായ തെറ്റാണ്. നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥനെ സർക്കാർ പരിപാടിക്ക് സംഭാവന പിരിക്കുന്ന ആളാക്കി മാറ്റി. സര്‍ക്കാര്‍ ചെയ്ത വലിയ കുറ്റകൃത്യമാണ്. ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം എന്ന് കേട്ടാൽ നികുതിവെട്ടിപ്പുകാരുടെ മുട്ട് കൂട്ടിവിറക്കണം. ആ ഇന്റലിജൻസ് സംവിധാനത്തെ ദുരുപയോഗപ്പെടുത്തി. കോടികൾ സ്വർണക്കച്ചവടക്കാരോടും കച്ചവടക്കാരോടും ഭീഷണിപ്പെടുത്തിയാണ് പണം പിരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തൃശ്ശൂരിൽ ഡിസിസി നേതൃത്വം സംഘടിപ്പിച്ച ജില്ലാ പ്രവർത്തക കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൺവൻഷനിൽ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നറിയിപ്പുമായാണ് കെ സുധാകരനും വി ഡി സതീശനും സംസാരിച്ചത്. ഇപ്പോഴത്തെ സംഘടനാ ശേഷിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഒന്നിച്ചുപോയില്ലെങ്കിൽ പാർട്ടിയുടെ ശവക്കുഴി തോണ്ടും. പ്രശ്നം ചിലരുടെ കയ്യിലിരിപ്പാണെന്നും തൃശൂരിലെ പാർട്ടി ഭാരവാഹികളോട് ഇരുവരും പറഞ്ഞു.