‘ഒന്നും ഒളിക്കാന്‍ കഴിയില്ല; നിങ്ങള്‍ ചെയ്യുന്നത് വംശഹത്യ’; പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ബൈഡനെതിരെ യുഎസില്‍ റാലി
പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് വാഷിങ്ടണില്‍ റാലി. മരണസംഖ്യ വന്‍തോതില്‍ വര്‍ധിച്ചിട്ടും യുദ്ധം അവസാനിപ്പിക്കുന്നത് ആഹ്വാനം ചെയ്യാന്‍ അമേരിക്ക തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ റാലി. പലസ്തീനികള്‍ക്കെതിരെ വംശഹത്യക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ കടുത്ത വിമര്‍ശനമാണ് റാലിയിലുയര്‍ന്നത്.
‘നിങ്ങള്‍ ചെയ്യുന്നത് വംശഹത്യയാണ്. നിങ്ങള്‍ക്കൊന്നും മറച്ചുവയ്ക്കാന്‍ കഴിയില്ല’. നൂറുകണക്കിന് പേര്‍ അണിനിരന്ന റാലിയില്‍ ബൈഡനെതിരെ മുദ്രാവാക്യമുയര്‍ന്നു. പലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
Read Also: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല; ബന്ദികളെ വിട്ടുകിട്ടുന്നതുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍
അതേസമ.ം ബന്ദികളെ വിട്ടുകിട്ടുന്നതുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ഹമാസിനെ സഹായിക്കുമെന്ന് അമേരിക്ക ആരോപിച്ചു. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. അതേസമയം യുദ്ധത്തില്‍ മരണസംഖ്യ 9,400 ആയി.
തെക്കന്‍ ഗസ്സയില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇസ്രയേലിന്റെ ആക്രമണത്തില്‍ 60 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഗസ്സയിലെ മഗസി അഭയാര്‍ഥി ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള പ്രധാന ജലസ്രോതസ് തകര്‍ന്നു.