Kerala

മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ

Spread the love

കാസർഗോഡ് കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ. സിഗ്നൽ അബദ്ധത്തിൽ മാറി നൽകിയതാണെന്നാണ് വിശദീകരണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കാസർഗോഡ് റെയിൽവേ ട്രാഫിക് ഇൻസ്‌പെക്ടർ പാലക്കാട് ഡിവിഷന് റിപ്പോർട്ട് കൈമാറി. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ, ലോക്കോ പൈലറ്റ് എന്നിവർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. മറ്റ് സുരക്ഷ വീഴ്ചയോ, സാങ്കേതിക തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം.

കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ.

ഒന്നാമത്തെ ട്രാക്കിലൂടെയായിരുന്നു ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ ട്രാക്ക് മാറി മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാടേക്ക് എത്തുകയായിരുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 20 മിനിറ്റോളം നിർത്തിയിട്ട ശേഷമാണ് ട്രെയിൻ ഒന്നാം ട്രാക്കിലൂടെ കൃത്യമായി ഓടിയത്.