കേരളത്തിൽ രാജാവിനാണ് ഭ്രാന്ത്, പണം മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം; കെ സുധാകരൻ
കേരളത്തിൽ രാജാവിനാണ് ഭ്രാന്തെന്നും പണം മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എത് വിധേനയും തനിക്കും കുടുംബത്തിനും പണമുണ്ടാക്കണം എന്നാണ് പിണറായിയുടെ ചിന്ത. ഉളുപ്പും നാണവും മാനവും ഇല്ലാത്ത ആളാണ് മുഖ്യമന്ത്രി. അഴിമതി ആരോപണങ്ങളിലൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും ഇവിടെ ഒരു ഭരണമുണ്ടോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെയും കേരളത്തിൽ ഇടതു സർക്കാരുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്ര വിമർശനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയെ ഉന്നമിട്ട് അദ്ദേഹം വിമർശിച്ചു. കർണാടകയിലെ കോൺഗ്രസ് വിജയം മാതൃകയാക്കണം. അവർ ആത്മ സമർപ്പണം നടത്തിയാണ് ഭരണം പിടിച്ചെടുത്തത്. കേരളത്തിലും അതുണ്ടാകണം. വരുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് എവിടെ നിൽക്കുന്നു എന്ന് സ്വയം കണ്ടെത്താനുള്ള അവസരമാണ്. വ്യക്തിതാൽപര്യങ്ങളാണോ സംഘടനയുടെ താൽപര്യങ്ങളാണോ വലുതെന്നാണ് തനിക്ക് പ്രവർത്തകരോട് ചോദിക്കാനുള്ളത്. രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് തങ്ങൾ ദേശീയ സമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം സങ്കുചിത താൽപര്യമാണ്. വരുന്ന തെരഞ്ഞെടുപ്പിൽ മികച്ച ഫലം നേടാൻ കഴിഞ്ഞാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരും. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണ നാലേകാൽ ലക്ഷമങ്കിൽ ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷം നൽകണം. അത് വഴി ബിജെപിയെ പാഠം പഠിപ്പിക്കണം. വ്യക്തി താൽപര്യങ്ങൾ ഉപേക്ഷിക്കാൻ പാർട്ടി പ്രവർത്തകർക്കാവണമെന്നും അദ്ദേഹം പറഞ്ഞു.