മൈറ്റി ഓസീസ്! ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ജയം; മറികടന്നത് സ്വന്തം നേട്ടം, പട്ടികയില്‍ ഇന്ത്യയും
ദില്ലി: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 309 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് അടിച്ചെടുത്തത്. ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്‌സ്‌വെല്‍ (44 പന്തില്‍ 106) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരുടെ പിന്തുണ നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ 90ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഡച്ച് പടയെ തകര്‍ത്തത്.
വന്‍ ജയത്തോടെ ഒരു റെക്കോര്‍ഡും ഓസ്‌ട്രേലിയ സ്വന്തം പേരിലാക്കി. ഏകദിന ലോകകപ്പില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയമാണിത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തും ഓസീസ് തന്നെ. 2015 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ 275 റണ്‍സിനാണ് ഓസീസ് തകര്‍ത്തത്. മൂന്നാം സ്ഥാനം ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിടുന്നു. 2007 ലോകകപ്പില്‍ ഇന്ത്യ ബെര്‍മുഡയെ തകര്‍ത്തത് 257 റണ്‍സിന്. 2015 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഇത്രയും റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ മറികടന്നു. വീണ്ടും ഓസ്‌ട്രേലിയ വരും. 2003 ലോകകപ്പില്‍ നമീബിയക്കെതിരെ ഓസീസിന്റെ ജയം 256 റണ്‍സിനായിരുന്നു.
400 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സിന് തൊട്ടതെല്ലാം പിഴിച്ചു. ആര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല. 25 റണ്‍സ് നേടിയ വിക്രംജീത് സിംഗാണ് അവരുടെ ടോപ് സ്‌കോറര്‍. കോളിന്‍ ആക്കര്‍മാന്‍ (10), സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (11), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (പുറത്താവാതെ 12) തേജ നിഡമനുരു (14) എന്നിവരാണ് രണ്ടക്കം കണ്ട ഡച്ച് താരങ്ങള്‍. മാക്‌സ് ഒഡൗഡ് (6), ബാസ് ഡീ ലീഡെ (4), ലോഗന്‍ വാന്‍ ബീക്ക് (0), റോള്‍ഫ് വാന്‍ ഡര്‍ മെര്‍വെ (0), ആര്യന്‍ ദത്ത് (1), പോള്‍ വാന്‍ മീകെരന്‍ (0) എന്നിവരും ഓസീസ് അറ്റാക്കിന് മുന്നില്‍ കീഴടങ്ങി. സാംപയ്ക്ക് പുറമെ മിച്ചല്‍ മാര്‍ഷ് രണ്ടും, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും വീഴ്ത്തി.