സ്വന്തം പേരുവെട്ടി, സലിം പാട്ടെഴുതി; ആ പാട്ട് പറവൂരുകാർക്ക് എന്നും ഒരു ‘നൊസ്റ്റാൾജിയ’ ആണ്…
പറവൂർ ∙ നാടായ പറവൂരിനെക്കുറിച്ചു സലിംകുമാർ എഴുതിയ പാട്ട് പറവൂരുകാർക്ക് എന്നും ഒരു ‘നൊസ്റ്റാൾജിയ’ ആണ്. കേരളക്കരയാകെ പ്രശസ്തരായ പറവൂരുകാരുടെ പേരുകൾ കോർത്തിണക്കി ഒരുക്കിയ സുന്ദരഗാനമാണത്. കേൾക്കുമ്പോൾ താളം പിടിക്കാനും കൂടെ പാടാനും വീണ്ടും കേൾക്കാനും തോന്നുന്ന ‘എൻ പറവൂർ എൻ നാട്’ എന്ന പാട്ടിന്റെ പിന്നണിയിൽ സലിംകുമാറിനൊപ്പം പ്രവർത്തിച്ചവരെല്ലാം അതേ നാട്ടുകാരാണ്. നടൻ വിനോദ് കെടാമംഗലം ഈണമിട്ട ഗാനം ഗായകൻ ഒ.യു.ബഷീർ ആലപിച്ചു. സലിംകുമാർ എഴുതിയ വരികൾ അപ്രതീക്ഷിതമായി വിനോദ് കെടാമംഗലം വായിക്കാനിടയായതാണു പാട്ടിലേക്കുള്ള വഴിതുറന്നത്.
കാഥികരത്നം കെടാമംഗലം സദാനന്ദൻ, ചരിത്രകാരനും പത്രപ്രവർത്തകനുമായ കേസരി ബാലകൃഷ്ണപിള്ള, ‘ഓടയിൽ നിന്ന്’ എഴുതിയ പി.കേശവദേവ്, വിദേശരാജ്യങ്ങളിൽ കഥകളിയാടിയ ആദ്യത്തെ മലയാളി ആനന്ദശിവറാം, നടൻ പറവൂർ ഭരതൻ, നാടകകൃത്തും സംവിധായകനുമായ പറവൂർ ജോർജ്, വിപ്ലവകവി കെടാമംഗലം പപ്പുക്കുട്ടി, രാഷ്ട്രീയ നേതാക്കളായ കെ.ടി.ജോർജ്, എൻ.കെ.മാധവൻ, എൻ.ശിവൻപിള്ള, എസ്.ശർമ, കെ.പി.ധനപാലൻ എന്നിവരെയെല്ലാം സലിംകുമാർ പാട്ടിൽ ഉൾപ്പെടുത്തിയപ്പോൾ സ്വന്തം പേര് ചേർത്തിരുന്നില്ല. വരികൾ വായിച്ച വിനോദ് കെടാമംഗലം അദ്ദേഹത്തോടു സലിമിന്റെ പേരു ചേർക്കണമെന്നു നിർബന്ധിച്ചു. എന്നാൽ, താൻ എഴുതുന്ന പാട്ടിൽ തന്റെ പേരു വേണ്ടെന്നായിരുന്നു സലിമിന്റെ പക്ഷം. എന്നാൽ, ഒടുവിൽ നിർബന്ധത്തിനു വഴങ്ങിയ അദ്ദേഹം തന്റെ പേരുപറയാതെ ‘ഇന്ത്യൻ സിനിമയിൽ മലയാളത്തിൻ കയ്യൊപ്പിട്ടൊരു നാട്’ എന്നൊരു വരി എഴുതിച്ചേർക്കുകയാണു ചെയ്തത്.
എൻ പറവൂർ എൻ നാട്
എൻ പറവൂർ എൻ നാട് ഞാൻ പിറന്നൊരു നാട്..
കാഥിക രത്നം പിറന്ന നാട് കഥകൾ പറഞ്ഞൊരു നാട്
കഥകൾ പറഞ്ഞൊരു നാട്
ചരിത്രം തേടിയിറങ്ങിയ കേസരി അന്തിയുറങ്ങിയ നാട്
അന്ത്യവിശ്രമ നാട്
ഓടയിൽ നിന്നും എഴുതിയ നാട് കേശവദേവിൻ നാട് (2)
കടലിനക്കരെ കഥകളിയാടിയ ശിവറാമിൻ നാട്
ആനന്ദ ശിവറാമിന്റെ നാട്
കെ.ടിയും എൻ.കെയും
എൻ. ശിവൻ പിള്ളയും
പ്രോജ്വലമാക്കിയ നാട്
ഞാൻ പിറന്നൊരു നാട്
വെള്ളിത്തിരയിലെ സുവർണ താരം ഭരതൻ ജനിച്ച നാട്..
നടനകലയിലെ കുലപതിയാകും വി.ടി. പിറന്നൊരു നാട്
നാട്ടിന്നകവും നാടകമാക്കിയ പറവൂർ ജോർജിൻ നാട്.
വയലിനിൽ രാഗതരംഗം തീർത്തൊരു എം.എസ്.ജിയുടെ നാട്
പാവങ്ങൾക്കായ് തൂലികയേന്തിയ പപ്പുക്കുട്ടിടെ നാട്
(എൻ പറവൂർ)
കവിതക്കുള്ളിൽ കനലു
പടർത്തിയ ചുള്ളിക്കാടിൻ നാട്
ചെങ്കൊടി പാറും നാട്
ശർമ സഖാവിൻ നാട്
മൂവർണക്കൊടി
കൈകളിലേന്തും
ധനപാലന്റെ നാട്
ജാതിക്കതീത നാട്
സേതു ജനിച്ചൊരു ഒരു നാട്
ഇന്ത്യൻ സിനിമയിൽ മലയാളത്തിൻ കയ്യൊപ്പിട്ടൊരു നാട്
കയറിൻനാട് കൈത്തറി നാട് ഞാൻ പിറന്നൊരു നാട്
