നാടിനെ നടുക്കി കോഹനൂരിലെ അപകടം, കൂടെ പോയവർ അപകട വിവരമറിഞ്ഞത് വീട്ടിലെത്തിയ ശേഷം; മരിച്ചത് ദമ്പതികളടക്കം 3 പേർ
തേഞ്ഞിപ്പലം (മലപ്പുറം) ∙ കോഹിനൂരിൽ കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം ദേശീയപാത 66ൽ ലോറിത്താവളത്തിനരികെ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ദമ്പതികളും ബന്ധുവും മരിച്ചു. തൃശൂർ പന്നിത്തടം നീണ്ടൂർ കോട്ടപ്പുറത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഷാഫിദ് (41), ഭാര്യ ഷഹീന (36), ഷഹീനയുടെ അമ്മാവന്റെ മകൾ ചങ്ങരംകുളം ആലങ്കോട് മംഗലത്ത് വീട്ടിൽ മജീദിന്റെയും സാജിതയുടെയും മകൾ ജഹാന ഷെറിൻ (26) എന്നിവരാണു മരിച്ചത്. വ്യാഴം അർധരാത്രിയോടെയാണ് അപകടം. കനത്ത മഴയിൽ വാഹനത്തിനു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നു കരുതുന്നു. കോഴിക്കോട്ടേക്കു വിനോദയാത്ര പോയി മടങ്ങുകയായിരുന്നു കുടുംബം.
ലോറിയുടെ പിൻഭാഗത്ത് ഇടിച്ചുകയറിയ കാർ പൂർണമായി തകർന്നു. ലോറി, മറ്റൊരു ലോറിയിൽ കെട്ടിവലിച്ചു മുന്നോട്ടു നീക്കിയശേഷം കാർ വെട്ടിപ്പൊളിച്ചാണു മൂവരെയും പുറത്തെടുത്തത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിയുടെ പിൻഭാഗം തകർന്നു. ഡ്രൈവർ സുരക്ഷിതനാണ്. ഷാഫിദ് ഒരാഴ്ച മുൻപാണു ദുബായിലെ ജോലിസ്ഥലത്തുനിന്നു പെരുന്നാൾ അവധിക്കു നാട്ടിലെത്തിയത്. അടുത്തയാഴ്ച മടങ്ങാനിരിക്കുകയായിരുന്നു. ചങ്ങരംകുളത്തുള്ള ഷഹീനയുടെ കുടുംബവീട്ടിൽനിന്നു ബന്ധുക്കൾക്കൊപ്പം രണ്ടു കാറുകളിലാണു യാത്ര പുറപ്പെട്ടത്. ദമ്പതികളുടെ മകൾ സൻസ ഫാത്തിമ (5) ബന്ധുക്കൾക്കൊപ്പം മറ്റൊരു കാറിലായിരുന്നു. മൂവരുടെയും മൃതദേഹങ്ങൾ കബറടക്കി.
