കാലവർഷം ജൂൺ 4ന് കേരളത്തിൽ; ഒരാഴ്ച നീണ്ട ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം∙ തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരള തീരത്ത് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാടിന്റെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ മേഖലകൾ എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കും. തെക്കൻ കേരള തീരത്തോടു ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
ജൂൺ 2 മുതൽ 8 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ മുതൽ അതിശക്തമായ മഴ വരെ ലഭിക്കാൻ സാധ്യതയുണ്ട്. ജൂൺ 2 മുതൽ 6 വരെ ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റോടും കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.
ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിച്ചു
അടുത്ത 5 ദിവസത്തേക്കുള്ള മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്: അതിശക്ത മഴയ്ക്കു സാധ്യത
24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
– 02/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്
– 03/06/2026: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ
– 04/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
– 05/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
– 06/06/2026: കണ്ണൂർ, കാസർഗോഡ്
യെലോ അലർട്ട് – ശക്തമായ മഴയ്ക്ക് സാധ്യത
24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കാവുന്ന ഇടിമിന്നലോടു കൂടിയ മഴയാണ് മഞ്ഞ അലർട്ടിന്റെ അർഥം.
– 02/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്
– 03/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
– 04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
– 05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
– 06/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ജാഗ്രതാ നിർദേശം
കാലവർഷത്തിന്റെ ആരംഭത്തോടൊപ്പം ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. കാലാവസ്ഥാ നിരീക്ഷണം തുടരുകയാണെന്നും പുതിയ മുന്നറിയിപ്പുകൾ കെഎസ്ഡിഎംഎ വഴി അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
