ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് വാങ്ങാൻ വിയറ്റ്നാമും ഇന്തൊനീഷ്യയും; കരാറിൽ ഒപ്പുവച്ചു? ചൈനയ്ക്ക് ഭീഷണി
ന്യൂഡൽഹി∙ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വാങ്ങാനൊരുങ്ങി വിയറ്റ്നാമും ഇന്തൊനീഷ്യയും. ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് മിസൈൽ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ വിയറ്റ്നാം ഒപ്പുവച്ചെന്നും ഇന്തൊനീഷ്യയുമായുളള കരാർ അന്തിമഘട്ടത്തിലാണെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് പറഞ്ഞു. സിങ്കപ്പൂരിലെ ഷാങ്ഗ്രി ലാ സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിയറ്റ്നാംമുമായി കരാർ ഒപ്പിട്ടത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ‘എനിക്കറിയാവുന്നിടത്തോളം വിയറ്റ്നാമും ഇന്തൊനീഷ്യയുമായുള്ള കരാർ അന്തിമഘട്ടത്തിലാണ്. വിയറ്റ്നാം കരാർ ഇതിനകം ഒപ്പുവച്ചെന്നാണ് മനസിലാക്കുന്നത്. അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല’–രാജേഷ് കുമാർ സിങ് പറഞ്ഞു.5800 കോടി ഡോളറിന്റെ കരാറാണ് വിയറ്റ്നാമുമായി ഒപ്പിട്ടതെന്നാണ് വിവരം. കോസ്റ്റൽ ഡിഫൻസ് മിസൈൽ ബാറ്ററികൾ, ബ്രഹ്മോസ് മിസൈൽ, പരിശീലനത്തിനും ലോജിസ്റ്റിക്സിനുമായുള്ള പിന്തുണ എന്നിവയുൾപ്പെടുന്നതാണ് കരാർ. ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലും ഭാവിയിൽ വാങ്ങാൻ വിയറ്റ്നാം പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. ഫിലിപ്പീൻസാണ് ആദ്യമായി ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങിയ ആദ്യ വിദേശരാജ്യം. തെക്കൻ ചൈനാക്കടലിൽ സുരക്ഷാ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വിയറ്റ്നാം, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് എന്നിവരും ചൈനയുമായി തെക്കൻ ചൈനാക്കടലുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. ബ്രഹ്മോസ് സ്വന്തമാക്കുന്നതോടെ ചൈന കൂടുതൽ സമ്മർദത്തിലാകും. ലോകത്തെ ഏറ്റവും വേഗതയുള്ള ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ ബ്രഹ്മോസിന് സഞ്ചരിക്കാനാകും.
