ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്; വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ?
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന് പ്രാബല്യത്തില്‍ വരും. 58 വര്‍ഷം നീണ്ട ഒപെക് അംഗത്വമാണ് യുഎഇ ഉപേക്ഷിക്കുന്നത്. യുഎഇ-യുടെ തീരുമാനത്തിനു പിന്നിലുള്ള കാരണങ്ങളും അത് ആഗോള വിപണിയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം. (UAE exits OPEC What is OPEC+, its members, and what are the consequences)
ഒപെക്കില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ഏപ്രില്‍ 28-നാണ് യു എ ഇ പ്രഖ്യാപിച്ചത്. 1967 മുതല്‍ സംഘടനയില്‍ അംഗമായിരുന്ന യുഎഇയുടെ ഈ തീരുമാനം അന്താരാഷ്ട്ര എണ്ണ വിപണിയെ തന്നെ ഞെട്ടിച്ചു. യുഎഇയുടെ ഈ ചരിത്രപരമായ പിന്മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി ഘടകങ്ങളുണ്ട്. ഉല്‍പാദന നിയന്ത്രണങ്ങളോടുള്ള വിയോജിപ്പാണ് ഇതില്‍ പ്രധാനം. ഒപെക് നിശ്ചയിക്കുന്ന ഉല്‍പാദന പരിധി തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സമാണെന്നാണ് യുഎഇ കരുതുന്നത്. പ്രതിദിനം 48.5 ലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടായിട്ടും, ഒപെക് നിയന്ത്രണം കാരണം അത് 32 ലക്ഷം ബാരലായി പരിമിതപ്പെടുത്തേണ്ടി വരുന്നത് യുഎഇയെ അതൃപ്തരാക്കിയിരുന്നു. ഇതിനു പുറമേ, എണ്ണ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഏകദേശം 15,000 കോടി ഡോളറിലധികം യുഎഇ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തില്‍ നിന്ന് ലാഭം കൊയ്യണമെങ്കില്‍ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യേണ്ടതുണ്ട്.സൗദി അറേബ്യയുമായുള്ള ഭിന്നതയാണ് മറ്റൊരു കാരണം. ഒപെക്കിനുള്ളില്‍ സൗദി അറേബ്യയുടെ ആധിപത്യവും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനങ്ങളും യുഎഇയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി. പ്രാദേശിക രാഷ്ട്രീയത്തിലും സാമ്പത്തിക നയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം വര്‍ദ്ധിച്ചതും പിന്മാറ്റത്തിന് കാരണമായെന്നാണ് വിവരം. യുഎഇയുടെ പിന്മാറ്റം അന്താരാഷ്ട്ര തലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുക. 2019ല്‍ ഖത്തറിനും 2024ല്‍ അംഗോളയ്ക്കും പിന്നാലെ യുഎഇയും പുറത്തുപോയത് ഒപെക്കിന്റെ ശക്തി കുറയാന്‍ കാരണമാകും. ലോകത്തിലെ വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയ്ക്ക് ഇത് ഗുണകരമായേക്കാം. യുഎഇ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നത് വിപണിയില്‍ എണ്ണ ലഭ്യമാകാന്‍ സഹായിക്കുമെന്നതിലാണ് ഇത്. എന്നാല്‍ യുദ്ധസാഹചര്യങ്ങള്‍ മൂലം ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങള്‍ മൂലം ക്രൂഡ് വില ഉടനെ കുറയാനുള്ള സാധ്യതകളില്ലെന്നതാണ് വാസ്തവം.
