കടുത്ത ചൂടിന് ആശ്വാസം പകർന്ന് വേനൽമഴ; വടക്കൻ ജില്ലകളിൽ കടുത്ത ചൂട് തുടരുന്നു
കടുത്ത ചൂടിന് ആശ്വാസം പകർന്ന് സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം,കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ മലയോര മേഖലയിലും ഇടുക്കിയിലും ശക്തമായ മഴ. അതേസമയം, കോഴിക്കോട് യുവാവ് കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയമുണ്ട്.
മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് മുന്നറിയിപ്പ്. തിരുവനന്തപുരത്തിന്റെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. അരവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഇടുക്കി വണ്ടിപ്പെരിയാറിൽ മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായി.
അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂട് തുടരുകയാണ്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. കോഴിക്കോട് യുവാവ് കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് സംശയമുണ്ട്. മലപ്പുറം കരിപ്പൂർ സ്വദേശി സൈനുൽ ആബിദാണ് മരിച്ചത്. കാസർഗോഡ് തൃക്കരിപ്പൂരിൽ എട്ടു വയസ്സുകാരനും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർക്കും കണ്ണൂരിൽ പ്രാദേശിക മാധ്യമപ്രവർത്തകനും സൂര്യാതപമേറ്റു.
