‘ഗെറ്റ് ഔട്ട് നൗ’; വനിതാ സംവരണ ബില്ലിന്റെ പേരിലെ മുംബൈയിലെ പ്രതിഷേധ പരിപാടി ട്രാഫിക്ക് ബ്ലോക്കുണ്ടാക്കിയതില്‍ മന്ത്രിയെ ചോദ്യം ചെയ്ത് യുവതി; വിഡിയോ വൈറല്‍
വനിതാ സംവരണ ബില്ല് പാസാവാത്തതിനെതിരെ മുബൈയില്‍ ബിജെപി നടത്തിയ റാലി മൂലം ഗതാഗത തടസമുണ്ടായതില്‍ മന്ത്രിയെ ചോദ്യം ചെയ്ത യുവതി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മന്ത്രി ഗിരീഷ് മഹാജന് മുന്നിലേക്ക് രോഷത്തോടെയെത്തി ചോദ്യം ചോദിക്കുന്ന യുവതിയുടെ വിഡിയോയാണ് വൈറലായത്. മറ്റൊരു ഗ്രൗണ്ട് ഉണ്ടായിട്ടും റോഡില്‍ ഗതാഗത തടസ്സം ഉണ്ടാക്കി റാലി നടത്തിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഗതാഗത തടസമുണ്ടാക്കി വഴിയില്‍ നില്‍ക്കാതെ ഇറങ്ങിപ്പോകാന്‍ പറഞ്ഞ് മന്ത്രിക്ക് മുന്നില്‍ പൊട്ടിത്തെറിച്ച യുവതി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുപോലും എളുപ്പത്തില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെ യുവതി അനുകൂലിച്ചു പ്രതികൂലിച്ചും രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തി. (Woman snaps at Minister during BJP’s Mumbai rally)
മുംബൈയിലെ വര്‍ളിയിലാണ് വനിതാ സംവരണ ബില്ല് പാസാവാത്തതിനെതിരെ ബിജെപി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കിടെ ഗിരീഷ് മഹാജന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഗതാഗത തടസം ചൂണ്ടിക്കാട്ടി യുവതി പ്രതിഷേധിച്ചത്. ട്രാഫിക് ജാമുണ്ടാക്കാതെ നിങ്ങള്‍ പോകൂ എന്ന് യുവതി പറഞ്ഞിട്ടും കേള്‍ക്കാതെ പരിപാടിയുമായി മുന്നോട്ടുപോയ മന്ത്രിയ്‌ക്കെതിരെ യുവതി വീണ്ടും കയര്‍ക്കുന്നതായി വിഡിയോയില്‍ കാണാം. നിങ്ങള്‍ക്ക് പറഞ്ഞത് മനസിലാകുന്നില്ലേയെന്നും നിങ്ങള്‍ കാരണം സാധരണ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് കാണുന്നില്ലേയെന്നും യുവതി ചോദിക്കുന്നുണ്ട്.ഫോണിലെ വിഡിയോ ക്യാമറ ഓണാക്കിയാണ് യുവതി മന്ത്രിക്കടുത്തേക്ക് എത്തിയത്. വിഡിയോ വൈറലായതോടെ ബിജെപിയുടെ പ്രതിഷേധ രീതികളെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംവരണ ബില്ലിന്റെ പേരില്‍ നടത്തിയ മുംബൈയിലെ പ്രതിഷേധത്തില്‍ ബിജെപിയുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷവര്‍ധന്‍ സപ്കല്‍ പറഞ്ഞു. തെറ്റായ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനും സ്ത്രീകളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ച ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തുവന്നെന്നും നാടകം പൊളിഞ്ഞെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.
