Monday, June 8, 2026
Uncategorized

‘പ്രളയത്തിന് കാരണം മഴ, മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദ സംഭാഷണം കൃത്രിമം’; മാത്യു ടി തോമസ്

Spread the love

 

പത്തനംതിട്ട: തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ പുറത്തുവിട്ട കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ വ്യാജമെന്ന് തിരുവല്ല എംഎൽഎ മാത്യു ടി തോമസ്. ശബ്ദരേഖ കെ കൃഷ്ണൻകുട്ടിയുടേതല്ല. അത് കൃത്രിമമായി ഉണ്ടാക്കിയതാണ്. വെള്ളപ്പൊക്ക സാധ്യത ഉണ്ടായപ്പോൾ തന്നെ തോട്ടപ്പള്ളി സ്പിൽവേ തുറന്നുവെച്ചു. താൻ നേരിട്ട് തോട്ടപ്പള്ളി സ്പിൽ വേയിൽ പോയിരുന്നുവെന്നും തീവ്രമഴകൊണ്ട് മാത്രമാണ് മഹാപ്രളയം ഉണ്ടായതെന്ന പഠനറിപ്പോർട്ട് ഉണ്ടെന്നും മാത്യു ടി തോമസ് പറഞ്ഞു. മാത്യു കുഴൽനാടനെപ്പറ്റി സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട് എന്നും ആരോപണത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു.സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്. കരിമണല്‍ ലോബിക്ക് വേണ്ടിയാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നുമാണ് മാത്യു കുഴല്‍നാടന്‍റെ ആരോപണം. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാർ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടിരുന്നു.’തോട്ടപ്പള്ളി സ്പില്‍വേ ഒരുമാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാല്‍ താഴെയുള്ള മണല്‍ത്തിട്ട് വെള്ളംകൊണ്ടുപോകും. മേരിമാതായെന്ന കരാർ കമ്പനിയാണ് കരാര്‍ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാല്‍ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എഞ്ചിനീയറും മാത്യു ടി തോമസും ചേര്‍ന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട’, ശബ്ദസന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്.എന്നാൽ ആരോപണം തള്ളി കെ കൃഷ്ണൻകുട്ടി രംഗത്തെത്തി. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്നും ഓഡിയോ മനുഷ്യ നിര്‍മ്മിതമാണോ എന്ന് സംശയമുണ്ട് എന്നുമായിരുന്നു കൃഷ്ണൻകുട്ടിയുടെ മറുപടി. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.