Sunday, April 5, 2026
Latest:
Uncategorized

‘രമേശ് ചെന്നിത്തല സാര്‍ രാഷ്ട്രീയം നോക്കിയില്ല, ഒറ്റഫോണ്‍ കോളില്‍ ഞങ്ങള്‍ക്ക് ലഭിച്ചത് ബില്‍ ക്ലിയേര്‍ഡ് എന്നെഴുതിയ പേപ്പര്‍, അതോടെ മൃതദേഹം വിട്ടുകിട്ടി’; ശ്രദ്ധനേടി യുവതിയുടെ കുറിപ്പ്

Spread the love

 

തന്റെ സഹോദരിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാതെ പകച്ച് നിന്ന നിര്‍ണായക സന്ദര്‍ഭത്തില്‍ കൈത്താങ്ങായി രമേശ് ചെന്നിത്തല എത്തിയ അനുഭവം വിവരിച്ച് യുവതി എഴുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. രമ്യ ദിനു എന്ന യുവതിയാണ് രമേശ് ചെന്നിത്തലയ്ക്ക് നന്ദി അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. സഹോദരി ധന്യ മരിച്ച വേദനയാലും ബില്‍ തുക മുഴുവന്‍ അടയ്ക്കാന്‍ വഴിയില്ലാതെയും തകര്‍ന്ന് നിന്ന തങ്ങള്‍ക്ക് ആശ്രയമായത് രമേശ് ചെന്നിത്തലയാണെന്ന് രമ്യ സാക്ഷ്യപ്പെടുത്തുന്നു. (young woman’s fb post expressing gratitude to ramesh chennithala goes viral)

 

 

മഞ്ഞപ്പിത്തം, ARDS തുടങ്ങിയ രോഗങ്ങള്‍ മൂലമാണ് ധന്യ മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിലായിരുന്നു ധന്യയുടെ ചികിത്സ. മരണം സ്ഥിരീകരിച്ച് ഉടന്‍ തന്നെ ബില്‍ അടയ്ക്കണമെന്നും എന്നാല്‍ മാത്രമേ മൃതദേഹം വിട്ടുതരൂ എന്നും ആശുപത്രി അധികൃതര്‍ നിലപാടെടുത്തു. ഇന്‍ഷുറന്‍സിന്റെ കാര്യം ബന്ധുക്കള്‍ സൂചിപ്പിച്ചെങ്കിലും ആദ്യം പണമടച്ചശേഷം റീഫണ്ട് ചെയ്ത് വാങ്ങാനായിരുന്നു ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശം. ഒന്‍പത് ലക്ഷത്തോളം രൂപ ഉടന്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബന്ധുക്കള്‍ പല വാതിലുകളിലും മുട്ടി. ആ രാത്രി അത്ര വലിയ തുക തന്ന് സഹായിക്കാന്‍ ആരും തയ്യാറായില്ല. അവസാന ശ്രമമെന്ന നിലയില്‍ പ്രതീക്ഷ പോലുമില്ലാതെയാണ് ബന്ധുക്കള്‍ രമേശ് ചെന്നിത്തലയെ ബന്ധപ്പെടുന്നത്. രമേശ് ചെന്നിത്തലയോട് കാര്യം പറഞ്ഞപ്പോള്‍ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അദ്ദേഹത്തിന്റെ ഒറ്റഫോണ്‍ കോളിന്റെ ബലത്തില്‍ ധന്യയുടെ ബന്ധുക്കള്‍ക്ക് ബില്‍ ക്ലിയേര്‍ഡ് എന്നെഴുതി രസീത് ലഭിക്കുകയും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും രമേശ് ചെന്നിത്തല ചെയ്ത ഈ വലിയ സഹായം തങ്ങള്‍ക്ക് മറക്കാനാകില്ലെന്ന് രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

 

എന്റെ കൂടെപ്പിറപ്പ് ധന്യ കഴിഞ്ഞ ദിവസം ഞങ്ങളെ വിട്ട് പിരിഞ്ഞു. ഞങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും എന്റെയും കുടുംബത്തിന്റെയും നന്ദി അറിയിക്കുന്നു.

ധന്യക്ക് ഛര്‍ദ്ദിയും വയറിളക്കവും ആയാണ് ഹോസ്പിറ്റലില്‍ പോകുന്നത്.പുറത്ത് നിന്നും ചില പാക്കേജ്ഡ് ഫുഡ് കഴിച്ചിരുന്നു.അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി ഡ്രിപ്, മരുന്നുകള്‍ നല്‍കി കുറവുണ്ടായെങ്കിലും അടുത്ത ദിവസം രാവിലെ നടത്തിയ രക്ത പരിശോധനയില്‍ ക്രിയാറ്റിന്റെ അളവ് 2.2 ആയും ചെറിയ മഞ്ഞപ്പിത്തം (ബിലിറുബിന്‍ 1.4) ഉള്ളതായും മനസ്സിലായി. Creatinine കൂടുതല്‍ കാണിച്ചത് കൊണ്ട് തന്നെ അവിടെയുള്ള ഡോക്ടറിന്റെ അനുവാദത്തോടെ ചികിത്സക്കായി കൊച്ചി അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അമൃത തന്നെ തിരഞ്ഞെടുക്കാന്‍ കാരണം ഇന്‍ഷുറന്‍സ് ഉണ്ട്,എല്ലാ സംവിധാനങ്ങളും ഉണ്ട് എന്ന കാരണത്താലും .

രണ്ട് ദിവസം അമൃതയിലെ കാഷ്വാലിറ്റി ICU ലെ ചികിത്സക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റി. അപ്പോഴേക്കും ധന്യയുടെ ശാരീരിക അസ്വസ്ഥതകള്‍ കുറയുകയും സ്വന്തമായി എഴുന്നേറ്റ് വാഷ് റൂമിലടക്കം പോകുന്നുമുണ്ടായിരുന്നു. വാര്‍ഡിലേക്ക് മാറ്റി 2 ദിവസത്തിന് ശേഷം രാവിലെ ബ്രഷ് ചെയ്ത് ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോള്‍ ചെറിയ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രക്തത്തിലെ ഒക്‌സിജന്‍ ലെവല്‍ 84 ആണെന്ന് കണ്ടെത്തി. പെട്ടെന്ന് തന്നെ ഒക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കി. വൈകുന്നേരം സി ടി സ്‌കാന്‍ ചെയ്തപ്പോള്‍ ലങ്‌സില്‍ ഇന്‍ഫെക്ഷന്‍ ഉള്ളതായി കണ്ടെത്തി. അടിയന്തിരമായി വെന്റിലേറ്റര്‍ സപ്പോര്‍ട്ട് കൊടുക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു ICU ലേക്ക് മാറ്റി.

പിന്നീട് നടത്തിയ കൂടുതല്‍ പരോശോധനയില്‍ ധന്യക്ക് ARDS എന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ആറാം തീയതി രാത്രി മുതല്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലായിരുന്നെങ്കിലും ധന്യക്ക് മരണപ്പെടുന്നതിന് 3 ദിവസം മുമ്പ് വരെ ബോധമുണ്ടായിരുന്നു. ഞങ്ങളുമായി എഴുതിക്കാണിച്ചും എക്‌സ്‌പ്രെഷനിലൂടെയും നല്ലരീതിയില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുമായിരുന്നു. അമൃതയിലെ ഡോ. ഷൈന്‍ സദാശിവന്റെ നേതൃത്വത്തിലുള്ള സംഘം അവസാന നിമിഷം വരെ പരമാവധി ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു, അത് ഞങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. ലഭ്യമായ ആന്റി ബയോട്ടിക്കുകളെല്ലാം നല്‍കി പരിചരിച്ചിരുന്നു.ഇതിനിടയിലും പലരുടെയും നിര്‍ദ്ദേശ പ്രകാരം ആസ്റ്റര്‍ അടക്കമുള്ള മറ്റു ചില ആശുപത്രികളുമായും പരിചയത്തിലെ മറ്റ് ഡോക്ടര്‍മാരുമായും ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ നോക്കി അവരെല്ലാം പറഞ്ഞിരുന്നത് ARDS എന്ന ഈ അവസ്ഥയില്‍ ചെയ്യാവുന്നതില്‍ പരമാവധി കവറേജ് ഇപ്പോള്‍ അമൃതയില്‍ നല്‍കുന്നുണ്ടെന്നും ഇതിനപ്പുറം ഒന്നും ചെയ്യാനില്ലെന്നുമാണ്. പിന്നീട് ഇന്‍ഫെക്ഷന്‍ മറ്റുള്ള അവയവങ്ങളിലേക്ക് വ്യാപിച്ചു ഡയാലിസിലും ആരംഭിച്ചു. 26 തീയതി വൈകുന്നേരം 7 മണിയായപ്പോള്‍ ബി പി ലെവല്‍ താഴ്ന്നു കാര്‍ഡിയാക് അറസ്റ്റിലേക്ക് പോയി. ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ പെരുമാറ്റത്തിലും ചികിത്സയിലും ഞങ്ങള്‍ തൃപ്തരാണ്. ധന്യക്ക് ICICI യുടെ 11 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരുന്നു.

‘എന്നാല്‍ വൈകിട്ട് 7 മണിക്ക് മരണം സംഭവിച്ചു ICU ല്‍ നിന്നും ബോഡി മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം 8.20 ഓട് കൂടി ബില്‍ ക്ലീയറിങ്ങിനായി എന്റെ ഹസ്ബന്‍ഡും ബന്ധുക്കളും കൗണ്ടറില്‍ ചെന്നപ്പോള്‍ ഇന്‍ഷുറന്‍സ് കൗണ്ടര്‍ 8 മണിവരെ ഉള്ളെന്നും ഇനി രാവിലെ 9 മണിക്കേ കൗണ്ടര്‍ തുറക്കുകയുള്ളൂവെന്നും അത് വരെ വെയിറ്റ് ചെയ്യണമെന്നും പറഞ്ഞു. അല്ലാതെ ബോഡി വിട്ടു നല്‍കണമെങ്കില്‍ ഫുള്‍ തുക ഇപ്പോള്‍ അടച്ചു പിന്നീട് റീഫണ്ട് ചെയ്ത് വാങ്ങാന്‍ പറഞ്ഞു. ഞങ്ങള്‍ ആകെ സങ്കടത്തിലായി. ഇന്‍ഷുറന്‍സ് അപ്രൂവല്‍ ലഭിക്കുന്നതിന് മുന്‍പ് നാല് ലക്ഷം രൂപക്ക് മുകളില്‍ ഞങ്ങള്‍ അടച്ചിട്ടുണ്ട് പിന്നീട് അപ്രൂവല്‍ വന്നതിന് ശേഷമാണ് ചികിത്സ ഇന്‍ഷുറന്‍സിലേക്ക് മാറ്റിയത്. പിന്നീട് പണവും അവര്‍ ആവശ്യപ്പെട്ടിട്ടില്ല,ശരിക്കും ക്ലെയിം സെറ്റില്‍ ചെയ്യുമ്പോള്‍ നിയമ പ്രകാരം ഞങ്ങള്‍ക്കാണ് പണം തിരികെ നല്‍കാനുള്ളത് എന്നിട്ടും രാത്രിയില്‍ തന്നെ 9 ലക്ഷം രൂപയോളം അടക്കുവാനാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് ആവശ്യപ്പെടുന്നത്.

പല തരത്തില്‍ അപേക്ഷിച്ചും വൈകാരികമായുമൊക്കെ അവിടെയുള്ളവരോടും PRO യോടും പറഞ്ഞു നോക്കിയെങ്കിലും പണം അടക്കാതെ ബോഡി വിട്ടു തരില്ല എന്ന സമീപനമായിരുന്നു.

8.30 മണി മുതല്‍ 11 മണിവരെ ഫോണില്‍ ഞങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നവരെയൊക്കെ ബന്ധപ്പെട്ട് നോക്കി ഒരു ഗുണവുമുണ്ടായില്ല. എല്ലാവരും പറഞ്ഞത് ഒന്നും ചെയ്യാന്‍ കഴിയില്ല പണം അടക്കണമെന്നാണ് . അതേ സമയം ഞങ്ങള്‍ പണമടക്കാന്‍ ശ്രമിച്ചെങ്കിലും അത്രയും വലിയ തുക ഒറ്റയടിക്ക് പണമായോ, അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴിയോ നല്‍കാന്‍ കഴിയുമായിരുന്നില്ല പിറ്റേ ദിവസം ബാങ്ക് തുറക്കുക തന്നെ വേണം.

ഒടുവില്‍ അവസാന ശ്രമമായി ഞങ്ങള്‍ ഹരിപ്പാട് എം എല്‍ എ ബഹുമാനപ്പെട്ട രമേശ് ചെന്നിത്തല സാറിന്റെ ഫോണിലേക്ക് നേരിട്ട് വിളിച്ചു. ആ സമയമായിരുന്നിട്ടും ആദ്യ ബെല്ലില്‍ തന്നെ അദ്ദേഹം ഫോണെടുത്തു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അഞ്ച് മിനിറ്റിനുള്ളില്‍ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു ഫോണ്‍ വെച്ചു. രാത്രിയായതിനാലും ഇലക്ഷന്‍ തിരക്കുകളായതിനാലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷെ കൃത്യം ആറാമത്തെ മിനുട്ടില്‍ തിരിച്ചു അദ്ദേഹത്തിന്റെ കോള്‍ വന്നു. ‘ ഞാന്‍ സംസാരിച്ചിട്ടുണ്ട് ബോഡി ഇപ്പോള്‍ വിട്ടു തരും ‘ എന്ന് പറഞ്ഞു. നടന്നു കൗണ്ടറില്‍ എത്തിയ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി.’ Bill Cleared ‘ എന്നെഴുതിയ പേപ്പറാണ് ഞങ്ങള്‍ക്ക് നേരെ നീട്ടുന്നത്.അപ്പോള്‍ തന്നെ ധന്യയുമായി ഞങ്ങള്‍ക്ക് അവിടെ നിന്നും യാത്രതിരിക്കാന്‍ സാധിച്ചു.

അദ്ദേഹത്തെ സംബന്ധിച്ച് ചെയ്തു തന്നത് വളരെ ഒരു ചെറിയ കാര്യമായിരിക്കാം പക്ഷെ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഇതിനേക്കാള്‍ വലിയ ഒരു സഹായം ഇനി ആര്‍ക്കും ചെയ്തു തരാനാകില്ല. കാരണം അതായിരുന്നു ഞങ്ങളുടെ അപ്പോഴത്തെ സാഹചര്യം പണം അക്കൗണ്ടില്‍ ഉണ്ടായിരുന്നിട്ടും രാത്രി ആയതിനാല്‍ തുക അടക്കാന്‍ പറ്റാത്ത അവസ്ഥ.അദ്ദേഹത്തിന്റെ ഒറ്റ വിളിയില്‍ ബോഡി വിട്ടു കിട്ടി

ഇങ്ങനെ ഒരവസരത്തില്‍ സഹായിച്ചതിന് ഞങ്ങളുടെ കുടുംബത്തിന് രമേശ് ചെന്നിത്തല സാറിനോടുള്ള നന്ദി അറിയിക്കുന്നു. ഞങ്ങള്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ആയിരുന്നിട്ടും ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ലായിരുന്നിട്ടും അടിയന്തിരമായി ഞങ്ങളെ സഹായിച്ചു.

ഈ ഒരവസരത്തില്‍ ഇത് പറഞ്ഞില്ല എങ്കില്‍ അത് നന്ദികേടായി പോകും. #remeshchennithala

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി.