Uncategorized

‘ചെറുവത്തൂരിൽ യുഡിഎഫ് പ്രചാരണ പരിപാടി തടഞ്ഞ CITU പ്രവർത്തകൻ വീട്ടിലെത്തി’;ഇതാണ് രാഹുൽഗാന്ധി പറഞ്ഞ സ്‌നേഹത്തിന്റെ രാഷ്ട്രീയമെന്ന് സന്ദീപ് വാര്യർ

Spread the love

കാസർകോട് ചെറുവത്തൂരിൽ സന്ദീപ് വാര്യരുടെ പ്രചാരണ പരിപാടി തടഞ്ഞെന്ന പരാതി. സന്ദീപ് വാര്യരെ താമസ സ്ഥലത്തെത്തി കണ്ട് സിഐടിയു നേതാവ് കൃഷ്ണൻ. കൃഷ്ണന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടി തടഞ്ഞെന്നായിരുന്നു യുഡിഎഫ് പരാതി. സിഐടിയു നേതാവ് കാണാനെത്തിയ വീഡിയോ സന്ദീപ് വാര്യർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

 

 

തെറ്റുപറ്റിയതാണെന്നും ഒരു നിമിഷത്തെ ആവേശത്തില്‍ ചെയ്ത പ്രവര്‍ത്തിയില്‍ വലിയ കുറ്റബോധമുണ്ടെന്നും കൃഷ്ണന്‍ പറഞ്ഞതായി സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. കൂടിക്കാഴ്ചയുടെ വീഡിയോയും സന്ദീപ് വാര്യര്‍ പങ്കുവെച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് മുകളില്‍ മനുഷ്യത്വം ജയിക്കുന്നുവെന്നും ഇതാണ് രാഹുല്‍ ഗാന്ധി പറഞ്ഞ സ്‌നേഹത്തിന്റെ രാഷ്ട്രീയം എന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

 

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്

 

രാഷ്ട്രീയത്തിന് മുകളിൽ മനുഷ്യത്വം ജയിക്കുമ്പോൾ; തൃക്കരിപ്പൂരിൽ സ്നേഹത്തിൻ്റെ ഒരു പുതിയ അധ്യായം.

കഴിഞ്ഞ ദിവസം ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ വെച്ച് യുഡിഎഫ് പ്രചരണ സംഘത്തിന് നേരെയുണ്ടായ ആ കൈയേറ്റം നമ്മെ എല്ലാവരെയും വേദനിപ്പിച്ച ഒന്നായിരുന്നു. എന്നാൽ ഇന്ന് എൻ്റെ വീടിൻ്റെ ഉമ്മറത്ത് ആ പഴയ ‘രാഷ്ട്രീയ ശത്രുത’ പടിയിറങ്ങിപ്പോകുന്നതിന് ഞാൻ സാക്ഷിയായി.

ആക്രമണത്തിന് നേതൃത്വം നൽകിയ സിഐടിയു പ്രവർത്തകൻ കൃഷ്ണൻ ഇന്ന് വീട്ടിലെത്തി. തനിക്ക് സംഭവിച്ചത് വലിയൊരു തെറ്റാണെന്നും, ആ നിമിഷത്തെ ആവേശത്തിൽ ചെയ്ത പ്രവർത്തിയിൽ വലിയ കുറ്റബോധമുണ്ടെന്നും അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു. രാഷ്ട്രീയ വൈരത്തിനപ്പുറം തൃക്കരിപ്പൂരിൻ്റെ മണ്ണിൽ നമ്മൾ കാത്തുസൂക്ഷിക്കുന്ന ആ പഴയ അയൽപക്ക ബന്ധവും സൗഹൃദവുമാണ് അവിടെ തിരികെ വന്നത്.

ഇതാണ് രാഹുൽ ഗാന്ധി പറഞ്ഞ സ്നേഹത്തിൻ്റെ രാഷ്ട്രീയം.

വെറുപ്പിൻ്റെ കമ്പോളത്തിൽ സ്നേഹത്തിൻ്റെ കട തുറക്കുക.